നിപ, ജില്ലയ്ക്ക് ആശ്വാസം ആറു പേരുടെ കൂടി ഫലം നെഗറ്റീവ്‌

നിപ, ജില്ലയ്ക്ക് ആശ്വാസം ആറു പേരുടെ കൂടി ഫലം നെഗറ്റീവ്‌

മലപ്പുറം: ജില്ലയില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ആറ് പേരുടെ കൂടി നിപ പരിശോധന ഫലം നെഗറ്റീവ് ആയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചതായിരുന്നു. ഞായറാഴചയാണ് ഫലം ലഭിച്ചത്. 11 പേരുടെ സ്രവ സാമ്പിളുകള്‍ കൂടി ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവ പരിശോധിച്ചുവരികയാണ്.

ആദ്യ ദിവസത്തെ 23 പേരെ കൂടാതെ ജില്ലയില്‍ നിന്നുള്ള 12 പേര്‍ കൂടി ഇന്ന് സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട് . ഇതോടെ ജില്ലയിലെ നിപ സമ്പര്‍ക്ക പട്ടികയില്‍ 35 പേരായി. കൊണ്ടോട്ടി ആരോഗ്യ ബ്ലോക്കില്‍ 11 പേരും ഓമാനൂര്‍ ആരോഗ്യ ബ്ലോക്കില്‍ 15 പേരും നെടുവ ആരോഗ്യ ബ്ലോക്കില്‍ അഞ്ച് പേരും തവനൂര്‍ ആരോഗ്യ ബ്ലോക്കില്‍ രണ്ടുപേരും മങ്കട ആരോഗ്യ ബ്ലോക്കില്‍ ഒരാളുമാണുള്ളത്. ഇവരെ ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിച്ച് വരികയാണ്. ഒരാളുടെ വാസസ്ഥലം കണ്‍ട്രോള്‍ സെല്‍ അന്വേഷിച്ച് വരികയാണ്. കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച് മരണപ്പെട്ടയാളുമായും കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനുമായും സമ്പര്‍ക്കത്തില്‍ വന്നവരാണ് മലപ്പുറം ജില്ലയിലെ സമ്പര്‍ക്ക പട്ടികയിലുള്ളത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല. അവരവരുടെ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ ഇരിക്കുന്നതിനാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുന്നതിനും ജില്ലാ നിപ കണ്‍ട്രോള്‍ സെല്ലില്‍ 0483 273 4066 അറിയിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് സഹായത്തിനായി 7593843625 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ജിദ്ദയ്ക്ക് സമീപം ലോറി മറിഞ്ഞ് കത്തി കൊണ്ടോട്ടി സ്വദേശി മരിച്ചു

ഓഗസ്റ്റ് 29ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ എം ഐ സി യു വിഭാഗത്തിലും ക്യാഷ്വാലിറ്റി വിഭാഗത്തിലും സന്ദര്‍ശിച്ചവരും ചികിത്സ തേടിയവരും നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

Sharing is caring!