നിപ്പ സമ്പർക്ക പട്ടികയിൽ മലപ്പുറത്തെ 23 പേർ, മഞ്ചേരിയിൽ നിരീക്ഷണത്തിലിരുന്ന വ്യക്തി നെ​ഗറ്റീവ്

നിപ്പ സമ്പർക്ക പട്ടികയിൽ മലപ്പുറത്തെ 23 പേർ, മഞ്ചേരിയിൽ നിരീക്ഷണത്തിലിരുന്ന വ്യക്തി നെ​ഗറ്റീവ്

മലപ്പുറം: നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേർ ഉൾപ്പെട്ടിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളിൽ വസിക്കുന്നവരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത്.

ജില്ലാ നിപ കൺട്രോൾ സെല്ലിൽ നിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന ദിവസം വരെ വീടുകളിൽ ക്വാറന്റൈൻ ഇരിക്കേണ്ടതും മറ്റു കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടേണ്ടതാണ്.
നിപ സംശയത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കുന്ന വ്യക്തിയുടെ സ്രവസാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും അറിയിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

നിപ രോഗലക്ഷണങ്ങൾ:
വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇൻകുബേഷൻ പീരീഡ്) നാല് മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ഛർദ്ദി, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവയിൽ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതിൽ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് പകർന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ സമയം കഴിയും തോറും വർധിച്ചു വരാം എന്നതും, രോഗതീവ്രത വർധി ക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വർധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

രോഗികളുമായി സമ്പർക്കത്തിൽ വന്നവരോ, സാധ്യതയുള്ളവരോ സ്വീകരിക്കേണ്ട മുൻകരുതലുകൾ:
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യവകുപ്പിനെ ഫോൺ മുഖേന വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പർക്കമില്ലാതെ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന അത്രയും സമയം വീട്ടിൽ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണിൽ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്ന മാർഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി 7593843625 എന്ന നമ്പറിൽ കൗൺസിലിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നത് ദിവസം വരെ വീടുകളിൽ ക്വാറന്റൈൻ ഇരിക്കേണ്ടതും മറ്റു കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്ന സമയത്ത് ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ ബന്ധപ്പെടേണ്ടതാണ്.
നിപ രോഗലക്ഷണങ്ങൾ ഉള്ളവർ കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഉള്ള സമ്പർക്കം ഒഴിവാക്കുകയും പനി മാറുന്നതുവരെ പരിപൂർണ്ണ വിശ്രമം എടുക്കേണ്ടതുമാണ്.

സ്വീകരിക്കേണ്ട സുരക്ഷാ രീതികൾ:

*ആൽക്കഹോൾ അടങ്ങിയ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈ കഴുകുക

* രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങൾ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക

* സംശയിക്കപ്പെടുന്ന രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച് പ്രത്യേക മുറികളിലേക്ക് മാറ്റി താമസിപ്പിക്കുക.

രോഗികളുടെ കട്ടിലിനിടയിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക

സ്വയംരക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

* ലക്ഷണങ്ങൾ ഉള്ളവരെയും സമ്പർക്കത്തിൽ ഉൾപ്പെട്ടിട്ടുള്ളവരെയും പരിചരിക്കുന്നവർ എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്.

* എൻ-95 മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗൺ എന്നിവയൊക്കെ ഉൾപ്പെടുന്ന പി.പി.ഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോൾ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന എൻ-95 മാസ്‌കുകൾ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുള്ള ഇടപെടൽ വേളയിലും നിഷ്‌കർഷിക്കേണ്ടതാണ്.

* കൈകൾ സോപ്പുപയോഗിച്ച് 40-60 സെക്കന്റെങ്കിലും വൃത്തിയായി കഴുകുക.

* അണുനാശികാരികളായ ക്ലോറോഹെക്സിഡൈൻ അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹസ്ത ശുചീകരണ ദ്രാവകങ്ങൾ (സാനിറ്റൈസർ) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകേണ്ടതാണ്.

* ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

* സമ്പർക്കത്തിൽ ഉള്ളവർ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റു പുനരുപയോഗ സാധനങ്ങളും കൃത്യമായി അണുനശീകരണം നടത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക

* വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ പുഴുങ്ങി അലക്കി ഉണക്കിയതിനുശേഷം മാത്രം വീണ്ടും ഉപയോഗിക്കുക

പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ:

* മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി എൻ 95 മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും മറക്കുക

* കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് 40-60 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

* പനിയുടെ ലക്ഷണങ്ങൾ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ഛർദി, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങൾ എന്നിവ ഉണ്ടെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്

* ലക്ഷണങ്ങൾ ഉള്ളവരെ പരിചരിക്കുന്നവർ എൻ 95 മാസ്‌ക് ധരിക്കേണ്ടതാണ്.

* രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും രോഗബാധിതരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക

* രോഗിയെ പരിചരിക്കുന്നവർ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്

* രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.

* നിപ രോഗലക്ഷണങ്ങൾ ഉള്ളവർ കുടുംബാംഗങ്ങളുമായി പൊതുജനങ്ങളുമായി ഉള്ള സമ്പർക്കം ഒഴിവാക്കുകയും പനി മാറുന്നതുവരെ പരിപൂർണ്ണ വിശ്രമം എടുക്കേണ്ടതുമാണ്.

* നിലത്ത് വീണു കിടക്കുന്നതും പക്ഷിമൃഗാദികൾ കടിച്ചതുമായ പഴങ്ങളും മറ്റു ഭക്ഷണപദാർത്ഥങ്ങളും പഴങ്ങൾ ഉപയോഗിക്കരുത്

* വവ്വാലുകൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ തെങ്ങ്, പന എന്നിവയിൽ നിന്നും ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്

* വവ്വാലുകൾ വസിക്കുന്ന സ്ഥലങ്ങളിൽ പോവരുത്‌

Sharing is caring!