ജിഫ്രി കസ്റ്റഡി മരണത്തിന് ഒരു മാസം, കേസന്വേഷണം എങ്ങുമെത്തിയില്ല

ജിഫ്രി കസ്റ്റഡി മരണത്തിന് ഒരു മാസം, കേസന്വേഷണം എങ്ങുമെത്തിയില്ല

താനൂർ: പൊലീസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ടിട്ട് ഒരുമാസം പിന്നിട്ടിട്ടും പ്രതികളിലാരെയും പിടികൂടാനാകാതെ അന്വേഷണ സംഘം. ഡാൻസാഫ് സംഘാം​ഗങ്ങളായ നാലു പോലീസുകാരെ പ്രതി ചേർത്ത് കൊലക്കുറ്റം ചുമത്തിയെങ്കിലും ആരെയും ഇതുവരെ കസ്റ്റഡിയിലെടുക്കാൻ ആയിട്ടില്ല. പ്രതികളായ പോലീസുകാർ ഇപ്പോഴും കാണാമറയത്ത് തുടരുന്നതിന് പിന്നിൽ ഉന്നതതല ബന്ധമുണ്ടെന്ന ആരോപണം ഉയരുകയാണ്.

തിരൂരങ്ങാടി മമ്പുറം സ്വദേശി പുതിയ മാളിയേക്കല്‍ താമിര്‍ ജിഫ്രിയെന്ന യുവാവിനെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്ത് താനൂർ പോലീസിന് കൈമാറുകയായിരുന്നു. ഇതിന് മുമ്പായി ഇവർ അതിക്രൂരമായി താമിറിനെ മർദിച്ചുവെന്നാണ് പ്രാഥമികമായി മനസിലാകുന്നത്. മർദനമേറ്റ 21 പാടുകൾ ഇയാളുടെ ദേഹത്ത് കണ്ടെത്തുകയും ചെയ്തിരുന്നു. പൊലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരുന്നു. എന്നിട്ടും പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്യാനോ ഉന്നതരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. പ്രതികളുടെയും പ്രതികളെ സഹായിക്കുന്നവരുടെയും വിവിധ തരം ഫോണ്‍കോളുകള്‍ പുറത്ത് വന്നിട്ടും അന്വേഷണം അവരിലേക്കെത്തിയിട്ടില്ല.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

പോസ്റ്റ്മോര്‍ട്ടം നടത്തിയ മഞ്ചേരി മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനെതിരെ ജില്ലാ പൊലീസ് മേധാവി തിരിയുന്നതും സസ്പെന്റ് ചെയ്ത താനൂര്‍ സബ് ഇന്‍സ്പക്ടര്‍ കൃഷ്ണലാല്‍ മേലാധികാരികളുടെ പങ്ക് വിളിച്ചോതി രംഗത്ത് വന്നതും ഞെട്ടലുളവാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം അടക്കം ദുരൂഹത ഉണര്‍ത്തിയിരുന്നു. മലപ്പുറം എസ്.പിയടക്കം സംശയത്തിന്റെ നിഴലിലായി. എസ്.പിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഡാന്‍സാഫ് അംഗങ്ങളാണ് മര്‍ദിച്ച് കൊന്നതെന്ന് തിരിച്ചറിഞ്ഞതോടെ എസ്.പിയുടെ പങ്കും വലിയ ചര്‍ച്ചയായി. വിഷയം മുസ്്ലിംലീഗ് എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ദീന്‍ നിയമസഭയില്‍ ഉന്നയിച്ചു. ആരോപണ വിധേയരായ എസ്.പിയടക്കമുള്ളവരെ സസ്പെന്റ് ചെയ്ത് കൊലക്കുറ്റത്ത് കേസെടുക്കണമെന്നാവശ്യം ഉയര്‍ത്തി. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം അംഗീകരിച്ചെങ്കിലും നടപടികള്‍ ഇതുവരെയും പൂര്‍ത്തിയാക്കിയില്ല. സി.ബി.ഐ അന്വേഷണമെന്നത് ഇപ്പോഴും കടലാസിലാണ്.

 

Sharing is caring!