താനൂരിന് നേഴ്സിങ് കോളേജടക്കം ഓണ സമ്മാനങ്ങൾ പ്രഖ്യാപിച്ച് വി അബ്ദുറഹിമാൻ

താനൂരിന് നേഴ്സിങ് കോളേജടക്കം ഓണ സമ്മാനങ്ങൾ പ്രഖ്യാപിച്ച് വി അബ്ദുറഹിമാൻ

താനൂർ: താനൂരിന് ഓണസമ്മാനമായി പുതിയ നഴ്സിങ് കോളേജും പ്രിന്റിംഗ്, ഫിഷറീസ് മേഖലകളിൽ തൊഴിലധിഷ്ഠിത കോഴ്സുകളും അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ താനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ് ) ന്റെ കീഴിലാണ് പുതിയ നേഴ്സിങ് കോളേജ് അനുവദിച്ചത്. കൂടാതെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് (സി ആപ്റ്റ്), കേരള ഫിഷറീസ് യൂണിവേഴ്സിറ്റി കോഴ്സുകൾ എന്നിവയാണ് താനൂരിൽ ആരംഭിക്കുന്നത്.

രാജ്യത്തും, വിദേശത്തും നഴ്സുമാരുടെ ആവശ്യം അധികമായതിനാൽ കൂടുതൽ പഠനസൗകര്യം ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2023-2024 ബജറ്റ് പ്രസംഗത്തിൽ സർക്കാർ മേഖലയിൽ കൂടുതൽ നഴ്സിങ് കോളേജുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ മേഖലയിൽ ആറും, സർക്കാർ നിയന്ത്രണത്തിലുള്ള സി-മെറ്റിന്റെ കീഴിൽ ആറും കോളേജുകൾ നേരത്തെ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ താനൂരിൽ പുതിയ കോളേജ് അനുവദിച്ചിട്ടുള്ളത്.
60 പേർക്ക് പ്രവേശനം നൽകാവുന്ന ഒരു ബാച്ചാണ് ഇപ്പോൾ ആരംഭിക്കുന്നത്. എൽബിഎസ് വഴിയാണ് അഡ്മിഷൻ നടത്തുന്നത്. പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. 9 സീറ്റുകൾ എൻആർഐ ക്വാട്ടയിലായിരിക്കും. ഇതും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശന നടപടികൾ. ഒക്ടോബറിൽ ക്ലാസുകൾ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

നഴ്സിങ് കോളേജിന് സ്വന്തമായ സ്ഥലവും കെട്ടിടവും ആവശ്യമാണ്. എന്നാൽ കോളേജ് ആരംഭിക്കാൻ നിലവിൽ താത്കാലിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെറിയമുണ്ടം ഹൈസ്കൂളിനോട് ചേർന്ന് നിലവിൽ ഒഴിഞ്ഞു കിടക്കുന്നതും നേരത്തെ സാക്ഷരതാ മിഷൻ ഉപയോഗിച്ചതുമായ കെട്ടിടം താൽക്കാലികമായി ഉപയോഗിക്കാനാണ് തീരുമാനം. അടുത്ത അക്കാദമിക് വർഷത്തേക്ക് കൂടുതൽ കെട്ടിട സൗകര്യങ്ങൾ ഒരുക്കാൻ ഫണ്ടനുവദിക്കുന്നതായി മന്ത്രി പറഞ്ഞു.

തിരൂർ ജില്ലാ ആശുപത്രി, താനൂർ താലൂക്ക് ആശുപത്രി, തിരൂങ്ങാടി താലൂക്ക് ആശുപത്രി എന്നിവയാണ് വിദ്യാർത്ഥികൾക്കുള്ള ട്രെയിനിങ്ങിനായി ഉപയോഗിക്കുന്നത്. ഈ വിദ്യാർത്ഥികളുടെ സേവനം കൂടി ഉപയോഗിക്കുമ്പോൾ ആശുപ്രതികളുടെ നടത്തിപ്പ് കൂടുതൽ സുഗമമാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പോലീസ് മേധാവിക്കെതിരെ പോസ്റ്റിട്ടതിന് കൊടിഞ്ഞി സ്വദേശിക്കെതിരെ കേസ്‌

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ്ങിന്റെ കേന്ദ്രം നിറമരുതൂർ ഉണ്യാലിലാണ് ആരംഭിക്കുന്നത്. പ്രിന്റിങ് കോഴ്സുകൾ നടത്തുന്നതിനൊപ്പം പാഠപുസ്തകം, ചോദ്യപ്പേപ്പർ, ലോട്ടറി തുടങ്ങിയ സർക്കാരിന്റ പ്രിന്റിങ് ജോലികളും ഇവിടെ നടത്താനാകുമെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉപരിപഠനം നടത്തുവാനായി കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ ഏതാനും കോഴ്സുകൾ താനൂരിൽ തുടങ്ങും. ഫിഷറീസ് സ്കൂളിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് പ്രാമുഖ്യം നൽകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Sharing is caring!