എസ് പിയുടെ ഡാൻസാഫ് സംഘത്തെ കുടുക്കിലാക്കി താനൂർ കസ്റ്റഡി മരണത്തിൽ വെളിപ്പെടുത്തൽ

എസ് പിയുടെ ഡാൻസാഫ് സംഘത്തെ കുടുക്കിലാക്കി താനൂർ കസ്റ്റഡി മരണത്തിൽ വെളിപ്പെടുത്തൽ

താനൂർ: കസ്റ്റഡി മരണക്കേസില്‍ നിരപരാധിയാണെന്ന് താനൂര്‍ എസ് .ഐ കൃഷ്ണലാല്‍. താമിര്‍ ജിഫ്രി അടങ്ങുന്ന പന്ത്രണ്ട് അംഗസംഘത്തെ പിടികൂടുന്നത് എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘമാണെന്നും സസ്‌പെന്‍ഷനില്‍ കഴിയുന്ന കൃഷ്ണലാല്‍ പറയുന്നു.ഇവര്‍ക്ക് അറസ്റ്റ് രേഖപ്പെടുത്തുന്നതിന് നിയമപരമായ അവകാശമില്ലാത്തതിനാല്‍ താന്‍ ഈ കേസില്‍ എത്തിപ്പെടുകയായിരുന്നുവെന്നാണ് എസ്.ഐ സ്വകാര്യചാനലിനോട് വെളിപ്പെടുത്തിയത്.

താമിര്‍ ജിഫ്രി അടങ്ങുന്ന സംഘം എംഡിഎംഎയുമായി പിടിച്ചത് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെയറിഞ്ഞിരുന്നു. താന്‍ പിന്നീടാണ് അറിഞ്ഞത്. പ്രതികള്‍ 12 പേരെന്നാണ് ഡിവൈഎസ്പി വി.വി ബെന്നി വിളിച്ചു പറഞ്ഞത്. അത്രയും ഫോഴ്‌സ് സ്റ്റേഷനില്‍ ഇല്ലെന്ന് പറഞ്ഞതോടെ അഞ്ച് പേരെയാണ് അയക്കുന്നതെന്ന് അറിയിച്ചു. എവിടെ നിന്ന് പിടിച്ചുവെന്ന് ഡാന്‍സാഫ് വെളിപ്പെടുത്തിയിരുന്നില്ല.ഒരു എംഡിഎംഎ കേസ് ഡാന്‍സാഫ് പിടിച്ചാല്‍ അത് കയ്യില്‍ വെച്ച് എസ്‌ഐയെ വിളിച്ച് വരുത്തണം. എസ്‌ഐക്കോ മുകളില്‍ ഉള്ളവര്‍ക്കോ മാത്രമേ ഇത് പിടിക്കാനുള്ള അധികാരമുളളു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

ഡാന്‍സാഫ് എവിടെ നിന്ന് പിടിച്ചുവെന്ന് അറിയില്ല, പറയാറില്ല, ചോദിക്കാറുമില്ല. സ്റ്റേഷന്‍ ലിമിറ്റില്‍ നിന്ന് പിടിക്കുന്നു എന്നാണ് വിശ്വാസം.
ഡാന്‍സാഫ് പിടികൂടുന്നവരെ ക്വാട്ടേഴ്‌സില്‍ കൊണ്ടുവരാറുണ്ട്.ഒരാളെ അതിനകത്ത് നിന്ന് അടിച്ചാല്‍ പുറത്താരും കേള്‍ക്കില്ല. ഡാന്‍സാഫിലെ ആല്‍ബി സ്ഥിരമായി അവിടെയാണ് താമസിക്കുന്നത്. താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായ സിഐ ജീവന്‍ ജോര്‍ജ് വിളിച്ച് ഡിറ്റന്‍ഷന്റെ കാര്യങ്ങള്‍ അറിയിച്ചു.എന്റെ സ്റ്റേഷന്റെ അടുത്ത് വെച്ച് ഇത് പിടിച്ചെടുക്കും. അപ്പോള്‍ ചെല്ലുക, കേസെടുക്കുക. പൊതുവേ ഡാന്‍സഫ് ടീമുകാരുടെ നടപടി ക്രമങ്ങളില്‍ പുറത്തറിയിക്കില്ല. നമുക്ക് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ എന്ന് പറഞ്ഞ് നമ്മള്‍ എടുക്കും. ഡാന്‍സാഫ് ടിമിനെ കോടതിയില്‍ സാക്ഷിയാക്കിയാല്‍ കേസ് പൊളിക്കും. അതുകൊണ്ടാണ് കൂടുതലും ഡാന്‍സാഫുകാരുടെ പേര് കാണിക്കാത്തത്.

കാവനൂരിന്റെ സ്വന്തം കുട്ടി പട്ടാളം: ‘കിഡ്സ് കമാൻഡോ കാവന്നൂർ’ പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കി

വിളിച്ചു പറഞ്ഞത് പ്രകാരം 12.08 ന് സ്റ്റേഷനില്‍ നിന്നിറങ്ങി, ദേവദാര്‍ പാലത്തിന് സമീപത്തെത്തി. അവിടെ വെള്ള സ്വിഫ്റ്റും ചുവപ്പ് നിറമുള്ള ടാറ്റ നെക്‌സണുമുണ്ടായിരുന്നു. പ്രതികള്‍ കാറിലിരിക്കുകയായിരുന്നു. മന്‍സൂര്‍ എന്നയാളാണ് കാറിന്റെ മുമ്പിലിരുന്നത്. നാല് പേര്‍ പുറകിലിരിക്കുകയായിരുന്നു. താമിര്‍ ജിഫ്രി രണ്ടാമതായും ഇരുന്നു. ഇവരുടെ കയ്യില്‍ വിലങ്ങുവച്ചിരുന്നു. താമിര്‍ അസാധാരണമായി പെരുമാറുന്നതായി കണ്ട് ചോദിച്ചപ്പോള്‍ എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ടെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. തിരൂരങ്ങാടി സ്റ്റേഷൻ ഓഫിസർ ദേഹപരിശോധനയ്ക്കായി എത്തി. കൈമടക്കില്‍ നിന്ന് ഒരു പൊതി കിട്ടി വെള്ളയില്‍ ചുവപ്പും നീലയും വരയുള്ള ഷര്‍ട്ടായിരുന്നു താമിര്‍ ധരിച്ചത്. തൂക്കി നോക്കിയപ്പോള്‍ നാല് ഗ്രാമില്‍ അധികമുണ്ടെന്ന് വ്യക്തമായി. അഞ്ച് പായ്ക്കറ്റാണ് ലഭിച്ചത്. കവറിന്റെ തൂക്കമൊഴിച്ച് എല്ലാം കൂടി 1814 ഗ്രാം ആണ് ആകെ കിട്ടിയത്. പുലര്‍ച്ചെ 1.40 ന് റിപ്പോര്‍ട്ട് എഴുതി തീര്‍ന്നു.

കാറിലും ജീപ്പിലുമായി പുലര്‍ച്ചെ ഒന്നേമുക്കാലോടെ സ്റ്റേഷനിലെത്തി.താമിര്‍ഡ ജിഫ്രിക്ക് വിറയൽ ഉണ്ടായിരുന്നു. ഡാന്‍സാഫിലെ ആല്‍ബിനും ലിബിനും ചേര്‍ന്ന് ജിഫ്രിയെ മുകളിലേക്ക് കൊണ്ടുവന്നു. ഉറങ്ങിയാല്‍ മാറുമെന്ന് കരുതി റെസ്റ്റിംഗ് റൂമില്‍ മുകളില്‍ കട്ടിലില്‍ കിടത്തി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകാതിരിക്കാൻ വേണ്ടിയാണ് മെഡിക്കലെടുക്കാതിരുന്നതെന്ന് കൃഷ്ണലാല്‍ പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയാല്‍ കോടതിയിലടക്കം വിശദീകരിക്കേണ്ടിവരും. ‘ഇവന്‍ എംഡിഎംഎ വിഴുങ്ങിയിരുന്നു എന്ന് അറിഞ്ഞിരുന്നു എങ്കില്‍ ഒരിക്കലും ഞാനിവനെ സ്റ്റേഷനില്‍ കയറ്റില്ല. ഞാന്‍ നേരെ ഹോസ്പിറ്റലില്‍ കൊണ്ടുപോയേനെ. ഇവനും പറഞ്ഞില്ല, അവരാരും പറഞ്ഞില്ല.’ – കൃഷ്ണലാല്‍ വ്യക്തമാക്കി.

താമിര്‍ കിടന്ന് ഷോ കാണിക്കും അത് വലിയ കാര്യം ആക്കണ്ടെന്നും ഹലൂസിനേഷന്‍ ആണെന്നും റെസ്റ്റ് റൂമില്‍ നിന്ന് പോകും മുമ്പ് താന്‍ കാവലിരുന്ന ആശിഷ് സ്റ്റീഫനോട് പറഞ്ഞിരുന്നു. പലതവണ താമിര്‍ ഷോ കാണിക്കുന്നുവെന്ന് പറഞ്ഞപ്പോഴും എംഡിഎംഎ ഉപയോഗിച്ചതിന്റേതാകമെന്ന് കരുതി വലിയ കാര്യമാക്കേണ്ടതില്ലെന്ന് താന്‍ പറഞ്ഞു. ഏകദേശം പുലര്‍ച്ചെ 3.45 ഓടെ താമിര്‍ ജിഫ്രിയുടെ വായില്‍ നിന്ന് നുരയും പതയും വന്നു ചെന്ന് നോക്കുമ്പോള്‍ വെട്ടി വിറയ്ക്കുന്നു. അപ്പോഴേക്കും നാലുമണിയായി. സ്റ്റേഷനില്‍ വണ്ടിയുണ്ടായിരുന്നില്ല. 15 മിനുട്ടിനകം വണ്ടിയെത്തി. താമിര്‍ ജിഫ്രിയെ ചുമന്ന് കൊണ്ടുവന്നു. ഇതിനിടെ മുണ്ട് ഊരി തറയില്‍ വീണു പെട്ടന്ന് എത്തിക്കാനായി ശ്രമിക്കുകയായിരുന്നതിനാല്‍ മുണ്ടെടുക്കാന്‍ നിന്നില്ല. ചുവന്ന അടിവസ്ത്രം ഉണ്ടായിരുന്നു. ഇതെല്ലാം കണ്ട് താമിറിനൊപ്പമുള്ളവര്‍ കരച്ചിലായിരുന്നു .

ആരെങ്കിലും അടിച്ചോ എന്ന് ചോദിച്ചപ്പോള്‍ ചേളാരിയില്‍ നിന്ന് അടികിട്ടിയെന്ന് അവര്‍ പറഞ്ഞു അപ്പോഴാണ് ഇവരെ പിടികൂടിയത് ചേളാരിയില്‍ നിന്നാണെന്ന് താന്‍ അറിയുന്നത്. ഇത് കേട്ടതോടെ ആകെ ഭയന്നുവെന്ന് കൃഷ്ണലാല്‍ പറഞ്ഞു. താമിറിനെ തല്ലിയത് ഡാന്‍സാഫിലെ ജിനേഷും സംഘവുമാണെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. താമിര്‍ മരിച്ചാല്‍ ഉത്തരവാദികള്‍ അവരാണന്നും ഇവര്‍ പറഞ്ഞു. താമിറിനെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും സീരിയസാണെന്നും 4.24 ഓടെ ഡിവൈഎസ്പിയെ വിളിച്ച് അറിയിച്ചു. അപ്പോള്‍ എഫ്‌ഐആറിന്റെ കാര്യങ്ങള്‍ നോക്കാനാണ് അദ്ദേഹം തന്നോട് പറഞ്ഞത്.

4.40 ആയപ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചുവെന്ന വിവരം ആശുപ്രതിയില്‍ നിന്ന് ലഭിച്ചു. ഇതോടെ താനും ഒപ്പമുണ്ടായിരുന്നവരും വല്ലാതെ ഭയന്നു. അഞ്ച് മണിയോടെ ജീവന്‍ ജോര്‍ജ് സ്റ്റേഷനിലെത്തി. താമിറിനൊപ്പം പിടികൂടിയവരോട് സ്റ്റേഷനില്‍ ആരെങ്കിലും മര്‍ദ്ദിച്ചോ എന്ന് ജീവന്‍ ജോര്‍ജ് ചോദിച്ചപ്പോള്‍ ഇല്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ചേളാരിയില്‍ നിന്ന് ഉച്ചയ്ക്ക് പിടികൂടിയതാണെന്നും സ്‌ക്വാഡ് മര്‍ദ്ദിച്ചുവെന്നും പറഞ്ഞു. ഇതിന്റെ എല്ലാം ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ വിവരാവകാശം നല്‍കിയിട്ടുണ്ടെന്നും അത് ലഭിച്ചാലെ തന്റെ നിരപരാധിത്തം തെളിയിക്കാനാകൂ എന്നും സസ്‌പെന്‍ഷനിലായ എസ്‌ഐ കൃഷ്ണലാല്‍ പറഞ്ഞു.

Sharing is caring!