പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് ആഗസ്റ്റ് അവസാനവാരത്തോടെ പൂർത്തിയാക്കും

പൊന്നാനി മാതൃ ശിശു ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് ആഗസ്റ്റ് അവസാനവാരത്തോടെ പൂർത്തിയാക്കും

പൊന്നാനി: മാതൃ ശിശു ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്നതും നിർമ്മാണം ആരംഭിക്കാനിരിക്കുന്നതുമായ പ്രവൃത്തികളെക്കുറിച്ചുള്ള അവലോകന യോഗം പി. നന്ദകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽചേർന്നു. ആശുപത്രിയിലെ ഓക്സിജൻ പ്ലാൻ്റിൻ്റെ നിർമ്മാണ ജോലികൾ പൂർത്തീകരിച്ച് ഓണത്തിന് ശേഷം പ്രവർത്തനമാരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. അതോടൊപ്പം സിവിൽ വർക്കുകൾ പൂർത്തിയാക്കിയ ഐസൊലേഷൻ വാർഡിൻ്റെയും പ്രവർത്തനം ആഗസ്റ്റ് അവസാന വാരത്തോടെ ആരംഭിക്കാനും തീരുമാനിച്ചു.

നിർമ്മാണം പൂർത്തിയായ വാട്ടർ ടാങ്കിന് കണക്ഷൻ ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കും. ബ്ലഡ് ബാങ്ക് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതായും, അനുബന്ധ പ്രവൃത്തികൾ ഡിസംബറിന് മുമ്പ് പൂർത്തീകരിക്കാനും എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മാതൃ -ശിശു ആശുപത്രിയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ആശുപത്രി സൂപ്രണ്ട് ഡോ. ആശ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Sharing is caring!