മലപ്പുറത്തിന്റെ ഹൃദയം തൊട്ട് കുടുംബശ്രീയുടെ ഹൃദ്യ പദ്ധതി

മലപ്പുറത്തിന്റെ ഹൃദയം തൊട്ട് കുടുംബശ്രീയുടെ ഹൃദ്യ പദ്ധതി

മലപ്പുറം: പെയിന്‍ ആന്റ് പാലിയേറ്റീവ് പരിചരണ മാതൃകയില്‍ സേവനങ്ങളുമായി മലപ്പുറം കുടുംബശ്രീയുടെ ഹൃദ്യ പദ്ധതി. കിടപ്പ് രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിന് 30,000 കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുകയാണ് ഹൃദ്യ പദ്ധതിയിലൂടെ. പാലിയേറ്റീവ് പരിചരണം വഴിയുള്ള ഹോംകെയര്‍ സേവനങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാകുന്നതിലെ പ്രയാസം മറി കടക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു തദ്ദേശ സ്ഥാപന പരിധിയില്‍ 300 വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

ജില്ലയില്‍ അയല്‍ക്കൂട്ട തലത്തില്‍ ഒരാള്‍ക്കെങ്കിലും ഇത്തരത്തില്‍ പരീശീലനം നല്‍കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. സന്നദ്ധ സേവനമെന്ന നിലയിലും ഹോം നഴ്‌സ് മാതൃകയിലുള്ള പാലിയേറ്റീവ് എക്‌സിക്യൂട്ടീവുകളായി വരുമാനം ലഭിക്കുന്ന വിധത്തിലും കുടുംബശ്രീ അംഗങ്ങള്‍ക്ക് പദ്ധതി ഉപയോഗപ്പെടുത്താം. രോഗീപരിചരണ രംഗത്ത് വിദേശത്തുള്‍പ്പടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന പാലിയേറ്റീവ് എക്‌സിക്യൂട്ടീവുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും. അയല്‍ക്കൂട്ട പരിധിയില്‍ വരുന്ന വീടുകളില്‍ ഇത്തരത്തില്‍ പരിചരണം ആവശ്യമായവര്‍ക്ക് മുഴുവന്‍ സമയവും സഹായം ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. പ്രായവും രോഗവും കീഴ്‌പെടുത്തിയവര്‍ക്ക് കൃത്യമായ പരിചരണത്തിലൂടെ സാന്ത്വനത്തിന്റെ നാളുകള്‍ സമ്മാനിക്കുകയാണ് മലപ്പുറം ജില്ലാ കുടുംബശ്രീയുടെ ഹൃദ്യ പദ്ധതി.

ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും മൂന്ന് പേര്‍ വീതം 300 മാസ്റ്റര്‍ ആര്‍.പിമാര്‍ക്കുള്ള പരിശീലനം നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. പരിരക്ഷ പദ്ധതി, കമ്യൂണിറ്റി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് കുടുംശ്രീ അംഗങ്ങള്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടികളും നടക്കുന്നുണ്ട്. തുടര്‍ന്ന് ഒരു അയല്‍ക്കൂട്ടത്തില്‍ നിന്ന് ഒരാളെന്ന നിലയില്‍ 30,000 പേര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയാക്കും. വരുമാന മാര്‍ഗമെന്ന നിലയില്‍ 500 അംഗങ്ങള്‍ക്ക് പാലിയേറ്റീവ് എക്‌സിക്യൂട്ടീവ് പരിശീനവും നല്‍കും.

പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെ ഭാഗമായി മുന്‍ഗണനാ പദ്ധതിയായി അംഗീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകരവും ലഭിച്ചിട്ടുണ്ട്. 25 വര്‍ഷം പൂര്‍ത്തീകരിച്ച കുടുംബശ്രീ സംവിധാനത്തിലേക്ക് ഹൃദ്യ ഉള്‍പ്പടെ 25 നൂതന പദ്ധതികളാണ് ജില്ലയില്‍ നിന്നും നടപ്പിലാക്കി വരുന്നത്.

Sharing is caring!