ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദ്ദേശവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

മലപ്പുറം: ജില്ലയില്‍ ജൂലൈ 6 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. താലൂക്ക് അടിയന്തിര കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പരിചയ സമ്പന്നരായ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ ആശുപത്രികള്‍, സി.എച്ച്.സി, പി.എച്ച്,സി എന്നിവ 24 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാനും മെഡിക്കല്‍ ടീമിനെ സജ്ജമാക്കാനും മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനും ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി ജിയോളജിസ്റ്റ് സ്വീകരിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം. ഇതിനായി ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടാം. കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി എന്നീ വകുപ്പുകള്‍ അടിയന്തര അറ്റക്കുറ്റപ്പണി സംഘത്തെ സജ്ജമാക്കണം. ബി.എസ്.എന്‍.എല്‍ എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഒരുക്കണം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മണ്ണിടിച്ചില്‍ പ്രദേശങ്ങളിലും ചുരങ്ങളിലും യാത്രചെയ്യുന്നത് നിരോധിക്കാനും ദുരന്തസാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആവശ്യമുള്ള പക്ഷം ജനങ്ങളെ നിര്‍ബന്ധപൂര്‍വ്വം മാറ്റുന്നതിനും പൊലീസിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കും. തീരപ്രദേശങ്ങളില്‍ കടലാക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഡി.ഡി ഫിഷറീസ്, ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍, താലൂക്കിന്റെ ചാര്‍ജുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സ്ഥിതിഗതികള്‍ ഡി.ടി.പി.സി സെക്രട്ടറി തുടര്‍ച്ചയായി നിരീക്ഷിക്കണം. ആവശ്യമെങ്കില്‍ സഞ്ചാരികളുടെ പ്രവേശനം നിര്‍ത്തിവയ്ക്കുന്നതിനുള്ള നടപടികള്‍ ഡി.ടി.പി.സി സെക്രട്ടറി, വനം വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ സ്വീകരിക്കണം.

ദുരന്തനിവാരണത്തിനുള്ള വില്ലേജ്തല കമ്മിറ്റികള്‍ ചേരുന്നതിനുള്ള നടപടികള്‍ തഹസില്‍ദാര്‍മാര്‍ സ്വീകരിക്കണം. ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ ഓരോ വകുപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ നീക്കം ചെയ്യുകയും റോഡുകളുടെ വശങ്ങളിലുള്ള ഓടകള്‍ വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണം. പൊതുജനങ്ങള്‍ കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. എ.ഡി.എം എന്‍.എം മെഹറലിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 26 അംഗ സംഘം നിലമ്പൂര്‍ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Sharing is caring!