ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തെ ശക്തമായി എതിർത്ത് മുസ്ലിം ലീ​ഗ്

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തെ ശക്തമായി എതിർത്ത് മുസ്ലിം ലീ​ഗ്

മലപ്പുറം: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോദിയുടെ അജണ്ടയാണ് ഏക സിവില്‍കോഡ് എന്നും ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് രാഷ്ട്രീയ കാര്യ ഉപദേശകസമിതി യോഗത്തിന് ശേഷം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹവും ഭരണഘടനാ വിരുദ്ധവുമാണ്. ഒരു കാരണവശാലും ഈ നിയമം നടപ്പാക്കാനാവില്ല. നിലവിലുള്ള നിയമപ്രകാരം മുന്നോട്ട് പോകണം. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഭരണഘടനയെ മറികടന്ന് ഏകസിവില്‍ കോഡ് കൊണ്ടുവരുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഇതിനെ നേരിടാന്‍ മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്. – സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പ്രധാനമന്ത്രി തിരഞ്ഞെടുപ്പു കാലത്ത് ഒരു അജന്‍ഡ സെറ്റ് ചെയ്യുകയാണ് എന്നത് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. അവര്‍ക്ക് മറ്റൊരു നേട്ടവും പറയാനില്ലാത്തതുകൊണ്ട് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവന്ന് ചര്‍ച്ചയൊക്കെ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് അജന്‍ഡയാക്കാനുള്ള ശ്രമമാണ്. കര്‍ണാടക തിരഞ്ഞെടുപ്പ് കാലത്ത് ചെയ്തതിനു സമാനമാണ് ഇതും. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഈ സര്‍ക്കാര്‍ ചെയ്ത ഒരു കാര്യവുമില്ല. മണിപ്പുരില്‍ പോലും ഒരു അഭിപ്രായവും പറയാതെ, മിണ്ടാതിരുന്ന പ്രധാനമന്ത്രിയാണ്, ഇപ്പോള്‍ യാതൊരു കാര്യവുമില്ലാതെ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ജനത്തെ വിഡ്ഢികളാക്കുന്ന നടപടിയാണിത്. അതിനെ ശക്തിയായി പാര്‍ട്ടി എതിര്‍ക്കും.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
”ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു തരത്തിലും നടപ്പാക്കാനാകാത്ത സംഗതിയാണ് പ്രധാനമന്ത്രി ഇപ്പോള്‍ എടുത്തിട്ടിരിക്കുന്നത്. നരേന്ദ്ര മോദിക്കു ഭയമാണ് എന്നതാണു വാസ്തവം. അദ്ദേഹത്തിന്റെ ഭരണം ഇക്കാലയളവില്‍ തികച്ചും മോശമായിരുന്നു. നോട്ട് നിരോധനവും സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളുമെല്ലാമായി ആകെ കുരുക്കിലാണ്. അതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തൊരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കം നടത്തുന്നത്. അത് അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ സാധ്യമായ തുറുപ്പുചീട്ടുകളെല്ലാം അദ്ദേഹം പയറ്റിയതാണ്. എല്ലാം പൊളിഞ്ഞു. ഈ ഘടകങ്ങളെല്ലാം അദ്ദേഹത്തെ ഭയപ്പെടുത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരമൊരു അജന്‍ഡയുമായി മുന്നോട്ടു വരുന്നത്. – ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഓണ്‍ലൈന്‍ വഴിയും കേരളത്തിലെ നേതാക്കള്‍ ഓഫ് ലൈനായും യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!