കുറ്റിപ്പുറത്ത് വിദ്യാർഥിയുടെ മരണ കാരണം എച്ച് 1 എൻ 1

കുറ്റിപ്പുറത്ത് വിദ്യാർഥിയുടെ മരണ കാരണം എച്ച് 1 എൻ 1

മലപ്പുറം: ജില്ലയിൽ കഴിഞ്ഞദിവസം കുറ്റിപ്പുറത്തിനടുത്ത് പൈങ്കണ്ണൂരിൽ 13കാരനായ വിദ്യാർഥി മരണപ്പെട്ടത് എച്ച് 1 എൻ 1 വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. എച്ച് 1 എൻ 1 മൂലമുണ്ടാകുന്ന ഇത്തരം പനികൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഇൻഫ്‌ലുവൻസ വൈറസ് കാരണമുണ്ടാകുന്ന രോഗമാണ് എച്ച് 1 എൻ1 പനി. സാധാരണ പകർച്ചപ്പനിയുടെയും എച്ച് 1 എൻ 1 പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടാകും.

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാൽ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പർക്കമുണ്ടാകുമ്പോഴുമാണ് രോഗപ്പകർച്ച ഉണ്ടാകുന്നത്. കടുത്ത പനി, ചുമ, കടുത്ത തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമാകും. പതിവിലും ശക്തമായ രീതിയിൽ രോഗം തുടരുകയാണെങ്കിൽ ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവരാം.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
എച്ച് 1 എൻ 1 രോഗലക്ഷണങ്ങളുള്ളവർ വീടിനുള്ളിൽ കഴിയുക, പൂർണ്ണവിശ്രമമെടുക്കുക. സ്‌കൂൾ, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വിട്ടുനിൽക്കുക, പോഷകാഹാരം കഴിക്കുക, പോഷണ ഗുണമുള്ള പാനീയങ്ങൾ കുടിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക, കൈ കഴുകാതെ കണ്ണിലോ മുക്കിലോ വായിലോ തൊടരുത്, രോഗബാധിതരെ കഴിവതും സന്ദർശിക്കരുത്, ആവശ്യമെങ്കിൽ ഒരു മീറ്റർ അകലം പാലിക്കുക, ആവശ്യാനുസരണം ഉറങ്ങുക, പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക, മിതമായ വ്യായാമം ചെയ്യുക തുടങ്ങിയ ആരോഗ്യകരമായ ജീവിത ശൈലികൾ പിന്തുടരുക, പ്രായമുള്ളവർ കുട്ടികൾ ഇതര രോഗങ്ങൾ ഉള്ളവർ എന്നിവർ മൂക്കും വായും മൂടുന്ന തരത്തിൽ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. ഇവർ അടച്ചിട്ട മുറികളിൽ അധിക നേരം കഴിയാതിരിക്കുക.

ഗർഭിണികൾക്ക് എച്ച് 1 എൻ 1 രോഗബാധയുണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകാനും മരണം സംഭവിക്കാനും സാധ്യത ഉണ്ട്. അതിനാൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കുകയും രോഗലക്ഷണങ്ങൾ കണ്ടാൽ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പോയി ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുകയും ചെയ്യണം.

Sharing is caring!