എയർ ഹോൺ ഉപയോഗിച്ചതിന് അഞ്ച് ദീർഘദൂര ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

എയർ ഹോൺ ഉപയോഗിച്ചതിന് അഞ്ച് ദീർഘദൂര ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കൊണ്ടോട്ടി: മഴക്കാല യാത്രകൾ അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. എയർഹോൺ ഉപയോഗിച്ചതിന് അഞ്ച് ദീർഘദൂര ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.

പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത രീതിയിലാണ് എയർ ഹോൺ ഘടിപ്പിച്ചിരുന്നത്. ബസിൽ എയർഹോൺ ഇല്ല എന്നായിരുന്നു ഡ്രൈവർമാരുടെ അവകാശവാദം. ജോയിന്റ് ആർ ടി ഒ. എം അൻവറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ ബസിന്റെ അടിഭാഗത്ത് നിന്ന് അലുമിനിയം ബ്ലോപൈപ്പ് രൂപത്തിൽ ഘടിപ്പിച്ച കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള എയർ ഹോൺ കണ്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ച് ദീർഘദൂര ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ റോഡ് സുരക്ഷാ സംവിധാനം ഉറപ്പുവരുത്തുന്നതിനു വേണ്ടി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കർശന പരിശോധന. കെ എസ് ആർ ടി സി ബസുകൾ ഉൾപ്പെടെയുള്ള ബസുകളും മറ്റ് വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ബസിന്റെ വിൻഡോ ഷട്ടർ, ഡോർ, ഇൻഡിക്കേറ്റർ മുതൽ ബസ്സിലെ സൗകര്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ വാഹനങ്ങൾ അടുത്ത ദിവസം തകരാറുകൾ പരിഹരിച്ച് പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശം നൽകി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ജോയിന്റ് ആർ ടി ഒ. എം അൻവർ, എം വി ഐ. കെ ബി ബിജീഷ്, എ എം വി ഐമാരായ കെ ദിവിൻ, കെ ആർ റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് കൊണ്ടോട്ടി, അരീക്കോട്, പള്ളിക്കൽ, എടവണ്ണപാറ എന്നീ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ബസ് ഉടമകളും ഡ്രൈവർമാരും നിയമങ്ങൾ പാലിക്കുന്നതിൽ സൂക്ഷ്മത പുലർത്തണമെന്ന് കൊണ്ടോട്ടി ജോയിന്റ് ആർ ടി ഒ. എം അൻവർ പറഞ്ഞു. വരും ദിവസങ്ങളിൽ ഇത്തരത്തിൽ മറ്റ് വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!