ഭർത്താവ് അറിയാതെ ഭാര്യയെ മറ്റൊരു വിവാഹം കഴിപ്പിച്ചു, ചോദിക്കാനെത്തിയവർക്ക് മർദനം

ഭർത്താവ് അറിയാതെ ഭാര്യയെ മറ്റൊരു വിവാഹം കഴിപ്പിച്ചു, ചോദിക്കാനെത്തിയവർക്ക് മർദനം

തിരൂരങ്ങാടി: ഭർത്താവ് അറിയാതെ ഭാര്യയെ മറ്റൊരു വിവാഹം കഴിപ്പിച്ചയച്ച കാര്യം ചർച്ച ചെയ്യാനെത്തിയ മുൻ നഗരസഭ കൗൺസിലർ കൂടിയായ യുവാവിനെ അക്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തിരൂരങ്ങാടി മുൻ നഗരസഭ കൗൺസിലർ തിരൂരങ്ങാടി വെള്ളിപ്പാലപറമ്പ് സ്വദേശി പട്ടാളത്തിൽ ഹംസ (38) യെ മർദിച്ച കേസിലാണ് പള്ളി സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.

കഴിഞ്ഞ മാസം 16 ന് ഹംസയുടെ ഭാര്യയെ ഇദ്ദേഹമറിയാതെ വീണ്ടും വിവാഹം കഴിപ്പിച്ച കാര്യം ചർച്ച ചെയ്യാനെന്ന പേരിൽ ചാമപറമ്പ് ജുമാമസ്ജിദ് സെക്രട്ടറി അദ്ദേഹത്തിന്റെ പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്റിനടുത്തുളള വീട്ടിലേക്ക് വിളിച്ചു വരുത്തി ഒന്നു മുതൽ 7 പ്രതികളും കണ്ടാലറിയാവുന്ന മറ്റു പ്രതികളും ചേർന്ന് അന്യായക്കാരനെ കൈകൊണ്ടും മാരകായുധങ്ങൾ കൊണ്ടും അക്രമിച്ചു പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ അപഹരിക്കുകയും ചെയ്തെന്നാണ് പരാതി. ഇവിടെ നിന്നും രക്ഷപ്പെട്ട ഹംസയെ 2 വാഹനങ്ങളിലായി പിന്തുടർന്ന് വന്ന് കൊളപ്പുറം ജംഗ്ഷനിൽ വെച്ച് തടഞ്ഞു നിർത്തി അന്യായക്കാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പള്ളിക്കൽ ബസാർ ചാമപറമ്പ് ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി പെരിയമ്പലം സ്വദേശി മുജീബ്, ചാമ്പറമ്പ് ലക്ഷംവീട് കോളനിയിലെ കെ.അൻസാർ, മൊയ്തീൻ,കൊടിഞ്ഞി സ്വദേശികളായ പുതിയകത്ത് ജാബിർ, ഹംസ, കണ്ടാലറിയാവുന്ന 10 പേരും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.

ഇദ്ദേഹം മലപ്പുറം കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് കോടതി നിർദേശ പ്രകാരം കൊണ്ടോട്ടി പൊലീസാണ് കേസെടുത്തത്.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. അതേസമയം, അന്വേഷണം നടത്തിയ ശേഷമാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക എന്ന് പൊലീസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവായ ഹംസ, തിരൂരങ്ങാടി പഞ്ചായത്തിലെയും പ്രഥമ മുൻസിപ്പാലിറ്റി യിലെയും ഭരണസമിതി അംഗമായിരുന്നു.

ഹംസ നിക്കാഹ് ചെയ്തിരുന്ന യുവതിയെ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുത്തു എന്നാണ് ഹംസ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണ് പോലീസ് പറയുന്നത്.

Sharing is caring!