മത്സ്യമേഖലയിൽ ഇടനിലക്കാരുടെ ചൂഷണം പൂർണമായും അവസാനിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

മത്സ്യമേഖലയിൽ ഇടനിലക്കാരുടെ ചൂഷണം പൂർണമായും അവസാനിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

പൊന്നാനി: മത്സ്യമേഖലയ്ക്ക് മുന്തിയ പരിഗണന കൊടുത്ത് അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. പൊന്നാനി എം.ഇ.എസ് കോളേജിൽ സംഘടിപ്പിച്ച തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പതിനാറായിരം കോടി രൂപയുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഫിഷറീസ് വകുപ്പ് മാത്രം ഈ ഏഴു വർഷത്തിനകം നടപ്പിലാക്കി. അതിന്റെ ഫലമായി തീര മേഖലയിലും മത്സ്യമേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടായി. അതിനെ സമ്പൂർണ്ണമായ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങളാണ് സർക്കാർ അടുത്ത മൂന്ന് വർഷം നടപ്പാക്കുക. തീരസംരക്ഷണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കും. 21,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണം. കേരളത്തിലെങ്ങും പുനർഗേഹം ഫ്ലാറ്റുകൾ നിർമിക്കുകയാണ്. അത് പൂർണമാക്കണം.

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിയാണ് സർക്കാർ ലക്ഷ്യമിടുന്ന മറ്റൊരു കാര്യം. രക്ഷിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പഠനച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. അപകട രഹിതമായ മത്സ്യബന്ധനമാണ് സർക്കാരിന്റെ ലക്ഷ്യം. ലൈഫ് ജാക്കറ്റ് ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണം. കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് എടുത്തിരിക്കണം. മത്സ്യമേഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുക എന്ന കാര്യത്തിൽ സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്.

ഇടനിലക്കാരുടെ ചൂഷണമവസാനിപ്പിക്കുന്ന നിയമമാണ് സർക്കാർ മത്സ്യമേഖലയിൽ കൊണ്ടുവരുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് മന്ത്രി അഭ്യർഥിച്ചു. കടലിലെ പ്ലാസ്റ്റിക് മനുഷ്യന്റെ ജീവനെ വരെ ബാധിക്കുകയാണ്. ഈ സ്ഥിതി ഇല്ലാതാക്കണം.
മത്സ്യ സമ്പത്തിന്റെ വളർച്ചയെ ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതുൾപ്പെടെ സമഗ്രമായ പദ്ധതി നടപ്പാക്കും. അനധികൃതമായ മത്സ്യബന്ധനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. 492 പരാതികളാണ് തീരസദസ്സിൽ ലഭിച്ചത്. പരാതികൾ ആറുമാസത്തിനകം പരിഹരിക്കും. പട്ടയത്തിനു വേണ്ടിയുള്ള അപേക്ഷകൾ ജില്ലാ ഭരണകൂടം ഉടൻ തീർപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

പൊന്നാനി ഹാർബറിന് സമീപം നിർമ്മിച്ച് നൽകുന്ന 100 ഭവന സമുച്ചയങ്ങളുടെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.
മുതിർന്ന മത്സ്യ തൊഴിലാളികളെയും മേഖലയിലെ ഉന്നത വിദ്യാഭ്യാസം നേടിയവരെയും കലാകായിക മേഖലയിൽ പ്രാവീണ്യം തെളിയിച്ച പ്രതിഭകളെയും സദസിൽ ആദരിച്ചു. വിവിധങ്ങളായ അനുകൂല്യ വിതരണവും പരിപാടിയോടനുബന്ധിച്ച് നടന്നു.

പി. നന്ദകുമാർ എം.എൽ എ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് കളക്ടർ കെ. മീര, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, എ.ഡി.എം. എൻഎം. മെഹറലി, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ,
പഞ്ചായത്ത് പ്രസിഡന്റ് മാരായ ബിനീഷ മുസ്തഫ, ഷംസു കല്ലാടേയിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബേബി ഷീജ കോഹൂർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Sharing is caring!