കരിപ്പൂരിൽ ഹജ്ജ് ലേഡീസ് ബ്ലോക്ക് തുറന്നു, കരിപ്പൂർ ഹജ്ജ് ക്യാമ്പിന് പ്രാർത്ഥനാ നിർഭരമായ തുടക്കം

കരിപ്പൂരിൽ ഹജ്ജ് ലേഡീസ് ബ്ലോക്ക് തുറന്നു, കരിപ്പൂർ ഹജ്ജ് ക്യാമ്പിന് പ്രാർത്ഥനാ നിർഭരമായ തുടക്കം

കരിപ്പൂർ: ഹാജിമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കരിപ്പൂർ ഹജ്ജ് ഹൗസിൽ സ്ത്രീകൾക്ക് മാത്രമായി നിർമിച്ച പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കേന്ദ്ര ഹജ്ജ് നയം വരുന്നതിന് മുമ്പ് തന്നെ സംസ്ഥാനം കരട് തയ്യാറാക്കി സമർപ്പിച്ചിരുന്നു. കേരളത്തിന്റെ 70% ആവശ്യങ്ങളും നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹാജിമാരുടെ സൗകര്യത്തിനായി പ്രത്യേക പ്രതിനിധിയായി ജിദ്ദ കോൺസുലേറ്റിലേക്ക് ഐ.എ.എസ്. ഓഫീസറെ അയക്കണമെന്ന കേരളത്തിന്റെ ആവശ്യ പ്രകാരമാണ് മുൻ ജില്ലാ കളക്ടർ ജാഫർ മാലികിനെ സർക്കാർ അയച്ചത്. ഹാജിമാർക്ക് അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാം. മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഹജ്ജ് കർമ്മത്തിന്റെ പേരിൽ ചില സ്വകാര്യ ഗ്രൂപ്പുകൾ നികുതി വെട്ടിക്കുന്നതിന് കൂട്ട് നിൽക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മുൻ വർഷങ്ങളിൽ ഹാജിമാരിൽ നിന്ന് ഈടാക്കിയ ജി.എസ്.ടി വിഹിതം അടക്കാൻ ചില സ്വകാര്യ ഗ്രൂപ്പുകൾ തയ്യാറാകാത്തതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ മന്ത്രിയുടെയോ ഹജ്ജ് കമ്മിറ്റിയുടെയോ പേരിൽ കെട്ടിവെക്കുന്നത് ശരിയല്ല. സ്വകാര്യ ഗ്രൂപ്പുകളെ നിരോധിക്കാൻ സർക്കാർ ശുപാർശ ചെയ്തിട്ടില്ല. എന്നാൽ നിരവധി തീർത്ഥാടകരിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിലുള്ള ഇടപെടൽ. നികുതി വെട്ടിപ്പിന് ഒരു കാരണവശാലും കൂട്ട് നിൽക്കാൻ കഴിയില്ലെന്നു മന്ത്രി ആവർത്തിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഈ വർഷത്തെ കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം തുറമുഖ- പുരാവസ്തു – പുരാരേഖാ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ നിർവഹിച്ചു. ടി.വി ഇബ്റാഹീം എം.എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എം.പിമാരായ അബ്ദുസമദ് സമദാനി, ഇടി മുഹമ്മദ് ബഷീർ, എം എൽ എ മാരായ പി ടി എ റഹീം, മുഹമ്മദ് മുഹ്സിൻ, ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടികെ ഹംസ, മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി അബ്ദുൽ ഗഫൂർ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള, ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹറ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ചെമ്പൻ മുഹമ്മദലി, വാർഡ് കൗൺസിലർ അലി വെട്ടോടൻ, അഡ്വ. മൊയ്തീൻ കുട്ടി, കെഎം മുഹമ്മദ് കാസിം കോയ, ഉമർ ഫൈസി മുക്കം, കടക്കൽ അബ്ദുൽ അസീസ് മൗലവി, ഐ.പി. അബ്ദുസലാം, ഡോ.ഇ.കെ. അഹ്മദ് കുട്ടി, എക്സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ് തുടങ്ങിയവർ പങ്കെടുത്തു. സയ്യിദ് ഇബ്രഹീം ഖലീലുൽ ബുഖാരി പ്രാർത്ഥന നിർവഹിച്ചു.

ഈ വർഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30 കണ്ണൂർ എയർപോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിച്ചത്. ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം കണ്ണൂരിൽ ഞായറാഴ്ച പുലർച്ചെ 1.45 നും കരിപ്പൂരിൽ പുലർച്ചെ 4.25 നും കായിക ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവ്വഹിക്കും.

സംസ്ഥാനത്ത് നിന്നും ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി 11,121 പേർക്കാണ് ഇതുവരെ ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ 1369 പേർ എഴുപത് വയസ് പൂർത്തിയായ റിസർവേഷൻ കാറ്റഗറിയിലുള്ളവരും 2733 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗവും ശേഷിക്കുന്ന 7019 പേർ ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്.

കോഴിക്കോട് എംബാർക്കേഷൻ വഴി 2628 പുരുഷന്മാരും 4306 സ്ത്രീകളും ഉൾപ്പടെ 6934 പേരും കണ്ണൂരിൽ നിന്നും 759 പുരുഷന്മാരും 1184 സ്ത്രീകളും അടക്കം 1943 പേരും കൊച്ചിയിൽ നിന്നും 903 പുരുഷന്മാരും 1341 സ്ത്രീകളും അടക്കം 2244 പേരാണ് യാത്രയാവുന്നത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സും കൊച്ചിയിൽ നിന്നും സഊദി എയർലൈൻസ് വിമാനവുമാണ് ഹാജിമാരെ കൊണ്ടുപോവുക.

കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം ഐ.എക്സ് 3027 പുലർച്ചെ 1.45 ന് പുറപ്പെട്ട് സഊദി സമയം പുലർച്ചെ 5.45 ന് ജിദ്ധയിലെത്തും. ഇതിൽ 73 പുരുഷന്മാരും 72 സ്ത്രീകളുമായാരിക്കും യാത്രയാവുക.

കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഞായറാഴ്ച രണ്ട് വിമാനങ്ങൾ സർവ്വീസ് നടത്തും. പുലർച്ചെ 4.25 ന് ഐ.എക്സ് 3031 നമ്പർ വിമാനവും രാവിലെ 8.30 ന് ഐ.എക്സ് 3021 നമ്പർ വിമാനവുമാണ് സർവ്വീസ് നടത്തുക. ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാവുക. ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളുമായിരിക്കും പുറപ്പെടുക.

Sharing is caring!