ആരോ​ഗ്യ മേഖലയിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങി മലപ്പുറം, 39 ആരോഗ്യ ഉപകന്ദ്രങ്ങള്‍ ജനകീയാരോഗ്യകേന്ദ്രങ്ങളാകുന്നു

ആരോ​ഗ്യ മേഖലയിൽ കുതിച്ചു ചാട്ടത്തിനൊരുങ്ങി മലപ്പുറം, 39 ആരോഗ്യ ഉപകന്ദ്രങ്ങള്‍ ജനകീയാരോഗ്യകേന്ദ്രങ്ങളാകുന്നു

മലപ്പുറം: ജില്ലയിലെ 39 ആരോഗ്യ ഉപ കേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തോടെ ഏകോപ്പിക്കുന്നതിനും വേണ്ടിയാണ് ജനകീയാരോഗ്യകേന്ദ്രങ്ങള്‍ക്ക് തുടക്കമാവുന്നത്. ദേശീയ ആരോഗ്യ ദൗത്യം- ആരോഗ്യ കേരളം (എന്‍.എച്ച്.എം) ഫണ്ട് ഉപയോഗിച്ചാണ് ആരോഗ്യ ഉപകേന്ദ്രങ്ങളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

ജില്ലയില്‍ ആരംഭിക്കുന്ന 39 കേന്ദ്രങ്ങളില്‍ മേലങ്ങാടി, ബിപിഅങ്ങാടി, തുവക്കാട്, മുണ്ടേരി എന്നിവ എന്‍.എച്ച്.എം ഫണ്ടായ 1.92 കോടി രൂപ ഉപയോഗിച്ച് പുതുതായി നിര്‍മ്മിച്ചവയാണ്. ബാക്കിയുള്ളവ ഓരോ കേന്ദ്രവും എന്‍എച്ച്എം ഫണ്ടായ 7 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ചവയാണ്. ആരോഗ്യഉപകേന്ദ്രങ്ങളെ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഓരോ കേന്ദ്രത്തിലും ഒരു എംഎല്‍എച്ച്പി (മിഡ് ലെവല്‍ ഹെല്‍ത്ത് പ്രൊവൈഡര്‍)യെ കൂടി നിയമിച്ചിട്ടുണ്ട്. മിഡ് ലെവല്‍ ഹെല്‍ത്ത് പ്രൊവൈഡര്‍ (എംഎല്‍എച്ച്പി) , ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ്(ജെപിഎച്ച്എന്‍), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ജെഎച്ച്‌ഐ),ആശ എന്നിവരിലൂടെയാണ് ജനകീയാരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
അഴിമതി രഹിത ഭരണ സംവിധാനമാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാൻ
പ്രദേശത്തെ എല്ലാ ആളുകളുടെയും വാര്‍ഷിക പരിശോധനടത്തുക, വാര്‍ഷിക പരിശോധനയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനങ്ങളുടെ ജീവിതശൈലിയില്‍ മാറ്റംവരുത്താനുതകുന്ന ക്യാംപയിനുകളും ഇടപെടലുകളും നടത്തുക, കുടുംബക്ഷേമ പരിപാടികള്‍, ഗര്‍ഭകാല പരിചരണം, മാതൃശിശു ആരോഗ്യം എന്നിവയില്‍ ഊന്നല്‍ നല്‍കിയുളള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുക, പകര്‍ച്ചവ്യാധി , പകര്‍ച്ചേതര രോഗങ്ങള്‍ , ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുവാന്‍ ജനങ്ങളില്‍ ആരോഗ്യകരമായ ജീവിതരീതികള്‍ പ്രോത്സാഹിപ്പിക്കുക, പൊതുജന പങ്കാളിത്തത്തോടെ രോഗികളെ മാനസികവും സാമൂഹികവുമായി പുനരധിവസിക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, കിടപ്പിലായവര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ട ആരോഗ്യ സേവനങ്ങള്‍ ഉപകേന്ദ്രങ്ങള്‍ വഴി ഏകോപിപ്പിക്കുക തുടങ്ങിയവയാണ് ജനകീയാരോഗ്യകേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍.

Sharing is caring!