മലപ്പുറം ന​ഗര പ്രദേശത്ത് മാസങ്ങളായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന മൂന്നം​ഗ സംഘം പിടിയിൽ

മലപ്പുറം ന​ഗര പ്രദേശത്ത് മാസങ്ങളായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന മൂന്നം​ഗ സംഘം പിടിയിൽ

മലപ്പുറം: ജില്ലയുടെ ആസ്ഥാന നഗരിയിലെ പ്രധാന റോഡുകളിൽ ഒന്നായ മുണ്ടുപറമ്പ് – കാവുങ്ങൽ ബൈപ്പാസിൽ കക്കൂസ് മാലിന്യം/രാസ മാലിന്യം നിക്ഷപിക്കുന്ന മൂവർ സംഘം പോലീസ് പിടിയിൽ. രാത്രി സമയങ്ങളിൽ നിരവധി ചരക്ക് വാഹനങ്ങളും മറ്റും കടന്നുപോകുന്നതും വിശ്രമത്തിനായി നിർത്തിയിടുകയും ചെയ്യുന്ന സ്ഥലം കൂടെയാണ് ഈ ബൈപ്പാസ് . ഇത് മുതലെടുത്താണ് കഴിഞ്ഞ കുറെ മാസങ്ങളായി വാഹനങ്ങളിൽ വലിയ ടാങ്കുകൾ ഘടിപ്പിച്ച് മോട്ടർ സൗകര്യത്തോട് കൂടി കക്കൂസ് മാലിന്യം രാസവസ്തുക്കൾ ചേർത്ത് ഇവിടെ നിക്ഷേപിച്ച് കൊണ്ടിരിക്കുന്നത്.

KL 576741 നമ്പർ ടിപ്പർ വാഹനത്തിലായിരുന്നു മാലിന്യം തട്ടിയിരുന്നത്. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി സച്ചിൻ ലാലു എന്നയാളുടെ നേതൃത്വത്തിലാണ് ഈ പ്രവൃത്തി നടന്നിരുന്നതെന്ന് പോലീസ് അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവർ അലി അസ്കർ (28), ഉടമ സച്ചിൻ ലാലു (25) പൈലറ്റ് വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് റഫ്നാസ് (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്യ്തിട്ടുണ്ട്.

മണവും രൂപവും മാറ്റുന്നതിന് വിവിധ രാസ വസ്തുക്കൾ ചേർത്താണ് ഈ മാലിന്യം നിക്ഷേപിച്ച് കൊണ്ടിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രദേശത്ത് രണ്ട് മാസത്തോളമായി സിസിടിവി സ്ഥാപിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. രാത്രി കാലങ്ങളിൽ പന്ത്രണ്ടിനും നാലിനും ഇടക്കാണ് ഈ പ്രവർത്തി നടക്കുന്നത് . ഇതേ തുടർന്ന് പ്രദേശത്ത് നടത്തിവന്ന നിരീക്ഷണത്തിലാണ് ഒരു വാഹനത്തിൻ്റെ നമ്പർ ശ്രദ്ധയിൽ പെട്ടത്. അതിനെ തുടർന്ന് പ്രദേശത്തെ വാർഡ് കൗൺസിലറായ വിജയലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ മലപ്പുറം ജില്ല പോലീസ് മേധാവിക്കും എസ്.എച്ച്.ഓക്കും പരാതി നൽകിയിരുന്നു. പരാതി നൽകിയതിന് ശേഷവും മാലിന്യം തള്ളുന്നത് തുടരുകയാണ് ഉണ്ടായത്. ഇതിനെ തുടർന്ന് പ്രദേശത്തെ സിപിഎം പ്രവർത്തകരുടെ സഹായത്തോടെ രാത്രി സമയങ്ങളിൽ കാവലിരുന്നു വരികയായിരുന്നു. പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യ്തു.

Sharing is caring!