മലപ്പുറത്തിനൊരു കണ്ണൂർ കൈത്താങ്, സുബൈർ വാഴക്കാടിന് വീട് വെച്ച് നൽകി കണ്ണൂരിലെ പ്രവാസി വ്യവസായി

മലപ്പുറത്തിനൊരു കണ്ണൂർ കൈത്താങ്, സുബൈർ വാഴക്കാടിന് വീട് വെച്ച് നൽകി കണ്ണൂരിലെ പ്രവാസി വ്യവസായി

ദുബായ്: മലപ്പുറം ഭാഷയില്‍ കളി പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ അർജന്റീന ആരാധകൻ സുബൈര്‍ വാഴക്കാടിന് സ്വപ്‌നഭവനം ഒരുങ്ങുന്നു. ഖത്തറിൽ അർജന്റീന ലോകകപ്പ് ഉയർത്തിയതിന് നൂറ് ദിവസം കഴിയും മുന്നേ സുബൈർ പുതിയ വീട്ടിലേക്ക് താമസം മാറും. ഈ മാസം 19ന് വീടിന്റെ താക്കോൽ സുബൈറിന് സമ്മാനിക്കുമെന്ന് വീട് നിർമിച്ച് നൽകിയ പ്രവാസി വ്യവസായി അഫി അഹമ്മദ് അറിയിച്ചു.

കടുത്ത അർജന്റീന ആരാധകനായ സുബൈറിന്റെ വീടിനും അർജന്റീന മയമാണ്. മതില്‍ മുഴുവന്‍ അര്‍ജന്റൈന്‍ ജഴ്‌സിയുടെ നിറമായ നീലയും വെള്ളയും. വീടിന് മുകളില്‍ ഫുട്‌ബോളും മെസ്സിയുടെ ജഴ്‌സിയും. ഇങ്ങനെയാണ് വീടിന്റെ മാതൃക.യുഎഇയിലെ പ്രവാസി വ്യവസായമാ. സ്മാര്‍ട് ട്രാവല്‍ എംഡിയാണ് അഫി അഹമ്മദ്. പിതാവ് യുപിസി അഹമ്മദ് ഹാജിയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിക്കുന്ന വീടിന് യുപിസി വില്ല എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഖത്തർ ലോകകപ്പിന് മുന്നേ തന്നെ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കിയുരന്ന കളി വിലയിരുത്തലുകാരനാണ് സുബൈർ. ഖത്തർ ലോകകപ്പോടെ സോഷ്യല്‍ മീഡിയയയിലും ഇദ്ദേഹം താരമായി. ലോകകപ്പ് മത്സരങ്ങള്‍ക്ക് തനി മലപ്പുറം ഭാഷയില്‍ മത്സരങ്ങളെ അവലോകനം ചെയ്യുന്നതും കമന്ററി പറയുന്നതുമായ സുബൈറിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. രസിപ്പിക്കുന്ന കളി പറച്ചിലിനിടയിലും സ്വന്തമായി വീടെന്ന സ്വപ്‌നം സുബൈറിന് അന്യമായിരുന്നു. ഇതറിഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ അഫി അഹമ്മദ് സുബൈറിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാവുകയായിരുന്നു.

ഖത്തറില്‍ പോയി ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനുള്ള എല്ലാ ചെലവും വഹിക്കാമെന്ന് അഫി അഹമ്മദ് പറഞ്ഞിരുന്നെങ്കിലും സുബൈര്‍ ആ വാഗ്ദാനം സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. ജനുവരി ഒന്നിന് സുബൈറിന്റെ വീട്ടിലെത്തിയാണ് അഫി ആദ്യ ഘട്ട ചെലവിന് നാല് ലക്ഷം രൂപ കൈമാറിയത്. 70 ദിവസങ്ങള്‍ കൊണ്ട് വീട് പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അഫി പറഞ്ഞു. സ്വാഗത സംഘം രൂപീകരിച്ച് ഈ മാസം 19ന് നടക്കുന്ന താക്കോല്‍ ദാന ചടങ്ങ് ആഘോഷമാക്കാമുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. എഞ്ചിനീയര്‍ സഫീറിന്റെ ജെംസ്റ്റോണ്‍ എന്ന കമ്പനിയാണ് വീടിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും നടത്തിയത്.

Sharing is caring!