നിക്ഷേപങ്ങൾ മികച്ച പലിശ പ്രഖ്യാപിച്ച് സഹകരണ മേഖല, ദേശസാൽകൃത ബാങ്കുകളേക്കാൾ പലിശ

നിക്ഷേപങ്ങൾ മികച്ച പലിശ പ്രഖ്യാപിച്ച് സഹകരണ മേഖല, ദേശസാൽകൃത ബാങ്കുകളേക്കാൾ പലിശ

മലപ്പുറം: സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേശസാല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാള്‍ കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുന്‍പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്.

പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷംവരയുള്ള നിക്ഷേപങ്ങള്‍ക്ക്ക്ക് 0.5 ശതമാനവും രണ്ടു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.25 ശതമാനവുമാണ് വര്‍ദ്ധന.. ‘സഹകരണ നിക്ഷേപം കേരളവികസനത്തിന്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആരംഭിച്ച നിക്ഷേപസമാഹരണം വിജയകരമായി മുന്നേറുമ്പോഴാണ് പലിശനിരക്കില്‍ ആകര്‍ഷണീയമായ വര്‍ധനവ് വന്നിരിക്കുന്നത്. 9000 കോടി രൂപയാണ് ഇത്തവണത്തെ ലക്ഷ്യം. ഇതില്‍ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്. കേരളബാങ്ക് 14 ജില്ലകളില്‍ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകള്‍ 7250 കോടിയാണ് സമാഹരിക്കേണ്ടത്.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങള്‍, അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്‌പേതര സംഘങ്ങള്‍ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്.

മലപ്പുറം ഗസ്റ്റ്ഹൗസില്‍നടന്ന യോഗത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് വി.ജോയ് എം.എല്‍.എ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി സുഭാഷ്, കേരളബാങ്ക് സി.ഇ ഒ രാജന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

• 15 ദിവസം മുതല്‍ 45 ദിവസം വരെ 6.00%
• 46 ദിവസം മുതല്‍ 90 ദിവസം വരെ 6 .50%
• 91 ദിവസം മുതല്‍ 179 ദിവസം വരെ 7 .00 %
• 180 ദിവസം മുതല്‍ 364 ദിവസം വരെ 7.25 %
• ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8.25 %
• രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 8%

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

• 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50 ശതമാനം
• 46 ദിവസം മുതല്‍ 90 ദിവസം വരെ 6 .00 %
• 91 ദിവസം മുതല്‍ 179 ദിവസം വരെ 6.25 %
• 180 ദിവസം മുതല്‍ 364 ദിവസം വരെ 6.75 %
• ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 7.25 %
• രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.00 %

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ നിലവിലുണ്ടായിരുന്ന പലിശ നിരക്ക്

• 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50%
• 46 ദിവസം മുതല്‍ 90 ദിവസം വരെ 6 %
• 91 ദിവസം മുതല്‍ 179 ദിവസം വരെ 6.50%
• 180 ദിവസം മുതല്‍ 364 ദിവസം വരെ 6.75 %
• ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 7. 75 %
• രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.75 %

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന പലിശ നിരക്ക്

• 15 ദിവസം മുതല്‍ 45 ദിവസം വരെ 5 .00%
• 46 ദിവസം മുതല്‍ 90 ദിവസം വരെ 5.50 %
• 91 ദിവസം മുതല്‍ 179 ദിവസം വരെ 5.75 %
• 180 ദിവസം മുതല്‍ 364 ദിവസം വരെ 6.25 %
• ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 6.75 %
• രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 6.75 %

Sharing is caring!