വി അബ്ദുറഹിമാന്റെ ഇടപെടല്‍ ഫലം കണ്ടു, പൊന്‍മുണ്ടം സ്‌കൂളിന് പുതിയ കെട്ടിടം

വി അബ്ദുറഹിമാന്റെ ഇടപെടല്‍ ഫലം കണ്ടു, പൊന്‍മുണ്ടം സ്‌കൂളിന് പുതിയ കെട്ടിടം

താനൂര്‍: മന്ത്രി വി അബ്ദുറഹിമാന്റെ ആത്മാര്‍ഥ പരിശ്രമത്തിന്റെ ഫലമായി പൊന്മുണ്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. സ്‌കൂളിന്റെ ഭൂമി തരംമാറ്റാന്‍ ക്യാബിനറ്റ് തീരുമാനം. 2005ല്‍ സ്‌കൂള്‍ അപ്ഗ്രഡേഷന്‍ കമ്മിറ്റി കെട്ടിടം നിര്‍മിക്കാനായി കണ്ടെത്തിയ ഭൂമി നിലം വിഭാഗത്തില്‍പ്പെട്ടതായിരുന്നു. 2011-12 ല്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ കൂടി ചേര്‍ത്ത് സ്ഥലം രജിസ്റ്റര്‍ ചെയ്തു.തണ്ണീര്‍ത്തട സംരക്ഷണത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ അനുവാദം ലഭിച്ചിരുന്നില്ല.

സംസ്ഥാന സമിതിയാണ് ഇതിന് വേണ്ട അംഗീകാരം നല്‍കേണ്ടത്. പലതവണ അംഗീകാരം ലഭിക്കാന്‍ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. സ്ഥലം എം എല്‍ എ കൂടിയായ വി. അബ്ദുറഹിമാന്‍
സ്‌കൂളിന്റെ ദുരിതാവസ്ഥ കൃഷി മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നിബന്ധനകളോടെയാണ് ക്യാബിനറ്റ് തീരുമാനമായത്.

നീരൊഴുക്കിന് യാതൊരുവിധ തടസ്സവും ഇല്ലാതെ കെട്ടിട നിര്‍മ്മാണം നടത്തണമെന്ന നിബന്ധനയോടുകൂടിയാണ് തരംമാറ്റാന്‍ ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. ഇതിനായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 3.90 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കിയിരുന്നു. പ്രീപ്രൈമറി മുതല്‍ പ്ലസ്ടു വരെ 1600ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പൊന്മുണ്ടം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടി പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഉറപ്പു നല്‍കിയതാണ്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ തരംമാറ്റം വൈകുകയാണുണ്ടായത്.

സമിതി അംഗീകാരമായതോടെ സ്‌കൂള്‍ കെട്ടിടം നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു.

Sharing is caring!