മലപ്പുറത്ത് ഇന്ന് മുതല്‍ ക്രഷറുകളും ക്വാറികളും പണിമുടക്കും

മലപ്പുറത്ത് ഇന്ന് മുതല്‍ ക്രഷറുകളും ക്വാറികളും പണിമുടക്കും

മലപ്പുറം: മലപ്പുറത്ത് ഇന്ന് മുതല്‍ ക്രഷറുകളും ക്വാറികളും പണിമുടക്കും.
പോലീസ്, മോട്ടോര്‍ വാഹന ,ഖനന വ്യവസായ, അനുബന്ധ വകുപ്പുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ പരിശോധനയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ മലപ്പുറത്ത് ചേര്‍ന്ന ക്രഷര്‍ ക്വാറി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചത്.

വകുപ്പുകളുടെ ദോഷകരമായ സമീപനം കാരണം ഈ വ്യവസായത്തിന് വലിയ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതെന്ന് യോഗം വിലയിരുത്തി. കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ നീക്കത്തിന് ഉപയോഗിയ്ക്കുന്ന വാഹനങ്ങളുടെ ശേഷിയ്ക്ക് പൂര്‍ണ്ണ അളവില്‍ അനുമതി നല്‍കണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും അത് പരിഗണിയ്ക്കാതെയാണ് ഇപ്പോള്‍ സംസ്ഥാനത്താകമാനം അനാവശ്യ പരിശോധനയും അമിതമായ പിഴ ഈടാക്കലും ലൈസന്‍സ് റദ്ദാക്കലും നടക്കുന്നത്. ഇത് ഉടന്‍ നിര്‍ത്തലാക്കണം.

കോറികള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിസ്ഥിതി അനുമതിയ്ക്കായി മൂന്നു വര്‍ഷത്തില്‍ കൂടുതലായി ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുകയാണ്. ക്രഷര്‍, ക്വാറികള്‍ക്ക് എതിരായി ലഭിയ്ക്കുന്ന പരാതികളില്‍ വിശദീകരണമോ പരിശോധയോ നടത്താതെ ഈ വ്യവസായ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നത്.ഈ വിഷയത്തില്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെട്ട് ക്വാറി ,ക്രഷര്‍ ഉടമകള്‍ക്ക് നീതി ലഭ്യമാക്കണം.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പാറ ഖനനത്തിനായി അനുമതി ലഭ്യമാകുന്നതിന് ഏര്‍പ്പെടുത്തുന്ന ലേല സമ്പ്രദായം നിര്‍ത്തലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഏകോപന സമിതി ജില്ലാ കണ്‍വീനര്‍ കെ എം കോയാമു യോഗം ഉദ്ഘാടനം ചെയ്തു.

Sharing is caring!