മലപ്പുറത്തെ സൈനികന്‍ ലഡാക്കില്‍ മരിച്ചു

മലപ്പുറത്തെ  സൈനികന്‍  ലഡാക്കില്‍  മരിച്ചു

മലപ്പുറം: 26വയസ്സുകാരനായ സൈനികന്‍ ലഡാക്കില്‍ മരിച്ചു.മലപ്പുറം കുനിയില്‍ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന്‍ കെ.ടി. നുഫൈല്‍(26)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്.
നുഫൈല്‍ ജോലി ചെയ്യുന്ന മേഖലയില്‍ അതിശൈത്യമാണ് അനുഭവപ്പെട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ നുഫൈലിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലഡാക്കിലെ സൈനിക ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വൈകീട്ട് അഞ്ചുമണിയോടെ നുഫൈലിന് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.കഴിഞ്ഞ എട്ടു വര്‍ഷമായി ആര്‍മി പോസ്റ്റല്‍ സര്‍വീസില്‍ ശിപായിയായി ജോലി ചെയ്തു വരികയായിരുന്നു നുഫൈല്‍. അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തശേഷം ഒന്നരവര്‍ഷം മുമ്പാണ് ലഡാക്കില്‍ എത്തിയത്. ഇവിടെ ആറുമാസം കൂടി പൂര്‍ത്തിയാക്കി മറ്റൊരിടത്തേക്ക് മാറാനിരിക്കെയാണ് നുഫൈലിന്റെ വിയോഗം.ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൊടുവങ്ങാട് മിച്ചഭൂമി മൈതാനത്തും വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. സൈനിക നടപടികള്‍ പ്രകാരം ഖബറടക്കും.

Sharing is caring!