ഇടതുസര്‍ക്കാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.

ഇടതുസര്‍ക്കാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.

മലപ്പുറം: ജനകീയ ആവശ്യങ്ങള്‍ ഉയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന് വിചാരിച്ച ഇടതുസര്‍ക്കാര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ സമരം കഴിഞ്ഞു ദിവസങ്ങള്‍ക്കു ശേഷമാണ് അറസ്റ്റ് ചെയ്തതെന്നതു തന്നെ ഇതിനു പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. സമരരംഗത്ത് ഉറച്ചു നിന്ന അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു അക്രമത്തിലേക്കു നയിക്കുന്ന എന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ അന്നു തന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. സേവ് കേരള മാര്‍ച്ചിനിടെ അക്രമം നടത്തിയത് പോലീസാണ്, അതിന് പ്രേരിപ്പിച്ചത് സംസ്ഥാനം ഭരിക്കുന്ന ഗവണ്‍മെന്റും. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് നടത്തിയ സമരത്തെ ലാത്തി കൊണ്ടു നേരിടുകയും 30 പ്രവര്‍ത്തകരെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രവര്‍ത്തകര്‍ ഒരാഴ്ചയോളമായി ജയിലിലാണ്. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുകയും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിയിടാം എന്നും സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അതു വ്യാമോഹം മാത്രമാണ്. ജനങ്ങള്‍ക്കു വേണ്ടിയുള്ള സമരം മുസ്ലിംലീഗും പോഷക സംഘടനകളും തുടരുക തന്നെ ചെയ്യുമെന്നും ഫാസിസ്റ്റ് മനോഭാവത്തിനും ഭരണകൂട ഭീകരതക്കും മുസ്ലിംലീഗ് വിലകല്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി സാദിഖലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി. മുസ്തഫ, മുനിസിപ്പല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ ബാവ, ഷാഫി കാടേങ്ങല്‍, സുബൈര്‍ മൂഴിക്കല്‍, കെ.കെ മുസ്തഫ എന്ന നാണി, ഈസ്റ്റേണ്‍ സലീം, റഷീദ് കാളമ്പാടി, സമീര്‍ കപ്പൂര്‍, സുഹൈല്‍ പറമ്പന്‍, സി.കെ അബ്ദുറഹിമാന്‍, സജീര്‍ കളപ്പാടന്‍, റസാക്ക് വാളന്‍, സാലി മാടമ്പി, എന്‍.കെ മുസ്തഫ, മുനീര്‍ വി.ടി ഷബീബ് കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!