ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച മലപ്പുറത്തുകാരനായ എന്‍ജിനീയറിങ് ബിരുദധാരി അറസ്റ്റില്‍
മലപ്പുറം: ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച എന്‍ജിനീയറിങ് ബിരുദധാരി അറസ്റ്റില്‍. അപ്ലിക്കേഷന്റെ പേരില്‍ യുവാവ് സമ്പാദിച്ചത് ലക്ഷങ്ങള്‍. യുവാവിനെ തിരൂര്‍ പൊലീസ് പൊക്കിയത് തിരുവനന്തപുരത്ത് നിന്ന്. ഓണ്‍ലൈന്‍ ചൂതാട്ട സംഘങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ഒരുങ്ങി പൊലീസ്.തേഞ്ഞിപ്പലം പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹല്‍ എന്ന 25കാരനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ്.എസ് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തുനിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലായി ലോട്ടറി കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. സ്വകാര്യ ഐടി കമ്പനി ഉദ്യോഗസ്ഥനായ ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് സംഘത്തിലെ പ്രധാനിയായ തിരൂര്‍ ആലത്തിയൂര്‍ കുണ്ടനി സ്വദേശി അഹമ്മദ് ഷാഫി എന്നയാള്‍ക്ക് അപ്ലിക്കേഷന്‍ നിര്‍മ്മിച്ചു നല്‍കിയത്. പ്രതിഫലമായി ഒരു ലക്ഷം രൂപയും പിന്നീട് മാസംതോറും പതിനായിരങ്ങള്‍ വീതവും കൈപ്പറ്റിയതായി അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ അഹമ്മദ് ഷാഫിയെയും തൃപ്രങ്ങോട് കുരിക്കള്‍പ്പടി നാലകത്ത് അബ്ദുള്‍ ഗഫൂറിനേയും കേന്ദ്രീകരിച്ച് കേരളത്തിലുടനീളമുള്ള ഏജന്റ്മാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതികള്‍ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും പോലീസ്അറിയിച്ചു. തിരൂര്‍ സി.ഐ ജിജോ എം.ജെ, എസ്.ഐ മാരായ ജിഷില്‍ വി, സജേഷ് സി.ജോസ്, പ്രമോദ്, എ.എസ്.ഐ ജയപ്രകാശ് സീനിയര്‍ സി.പി.ഒ മാരായ രാജേഷ്, ഷിജിത്ത് സി.പി.ഒ മാരായ ഉണ്ണിക്കുട്ടന് , ദില്‍ജിത്ത് എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




