അനധികൃത ലോട്ടറി ചൂതാട്ടം നടത്തുന്ന സംഘത്തിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്ത് മലപ്പുറത്ത് അക്രമിച്ചു

അനധികൃത ലോട്ടറി ചൂതാട്ടം നടത്തുന്ന സംഘത്തിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്ത് മലപ്പുറത്ത് അക്രമിച്ചു

മലപ്പുറം : അനധികൃത ലോട്ടറി ചൂതാട്ടം നടത്തുന്ന സംഘത്തിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്തെ തിരൂര്‍ മുസ്ലിയാരങ്ങാടിയില്‍ വെച്ച് പ്രതിയും ബന്ധുക്കളും അക്രമിച്ചു. ലോട്ടറി ചൂതാട്ട കേസ് അന്വേഷിക്കുന്ന തിരൂര്‍ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തെ പ്രതിയായ കണ്ണംകുളം സ്വദേശി കുണ്ടനി അഹമ്മദ് ഷാഫി(36)യും ബന്ധുക്കളും അക്രമിക്കുകയും പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പോലീസ് സംഘം ബലം പ്രയോഗിച്ച് പ്രതിയെ പിടികൂടി കസ്റ്റഡിയിലെടുത്തു. അനധികൃത ലോട്ടറി ചൂതാട്ട സംഘത്തിലെ പ്രധാനിയാണ് ഇയാള്‍ എന്നും,ലക്ഷങ്ങള്‍ ചൂതാട്ടത്തിലൂടെ സമ്പാദിക്കാറുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ലോട്ടറി കടകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട് . വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിച്ചാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. മുസ്ലിയാര്‍ അങ്ങാടിയില്‍ പുതിയതായി ആരംഭിക്കുന്ന ജിംനേഷ്യത്തിന്റെ ഉദ്ഘാടന ദിവസം സ്ഥലത്തെത്തുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ആയത് പ്രകാരം തിരൂര്‍ സി.ഐ ജിജോ എം.ജെയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പ്രതിരോധിച്ചെങ്കിലും പോലീസ് മതിയായ ബലം പ്രയോഗിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിരോധത്തിനിടയില്‍ എസ് .ഐ സജേഷ് സി. ജോസിന് പരിക്കേറ്റു. ചൂതാട്ട സംഘത്തിലെ മറ്റുള്ളവര്‍ക്കായി കര്‍ശന നിരീക്ഷണം നടത്തുകയാണെന്ന് തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജു പറഞ്ഞു.

Sharing is caring!