പാണക്കാട് തങ്ങള്മാര് മുജാഹിദ് സമ്മേളനത്തില്‍നിന്നും അവസാനം നിമിഷം പിന്മാറാനുള്ള കാരണം
മലപ്പുറം: പാണക്കാട് തങ്ങള്മാര് മുജാഹിദ് സമ്മേളനത്തില്‍നിന്നും അവസാനം നിമിഷം പിന്മാറാനുള്ള കാരണം തേടുകയാണ് മുജാഹിദ് നേതാക്കള്‍. മുജാഹിദ് സമ്മേളനത്തില്പങ്കെടുക്കാമെന്ന് അറിയിച്ചിരുന്ന മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരാണ് അവസാന നിമിഷം പിന്മാറിയത്.
ഇതുസംബന്ധിച്ചു നോട്ടീസും മുജാഹിദ് വിഭാഗം ഇറക്കിയതോ ഇതില്‍ കലി പൂണ്ട് നിരവധി സമസ്ത നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നതോടെയാണ് പാണക്കാട് തങ്ങള്മാര് നിലപാടില്‍ മാറ്റം വരുത്തിയത്. ഇരുവരും 2017 ല്‍ മലപ്പുറം കൂരിയാട്ട് മുജാഹിദ് ഒന്‍പതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മഹല്ല് സെമിനാറില്‍ പങ്കെടുത്തതു വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്നു കാരണം കാണിക്കല്‍ നോട്ടീസ്വരെ നല്കി മറ്റുപാണക്കാട് തങ്ങള്മാര് ഇടപെട്ടു പ്രശ്നം ഒത്തുതീര്‍പ്പാക്കുകയുമായിരുന്നു. എന്നാല്‍ വീണ്ടും സമാനമായി ഇരുവരും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത് സമസ്ത സുന്നി വിഭാഗത്തെ അവഹേളിക്കലാണെന്നാരോപിച്ചു മുതിര്‍ന്ന സമസ്ത നേതാക്കളും രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് മുജാഹിദ് സമ്മേളനത്തില്‍ സുന്നി നേതാക്കന്മാര് ആരുംപങ്കെടുക്കില്ലെന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ പാണക്കാട് കുടുംബത്തില്‍ നിന്ന് സാദിഖലി തങ്ങളെ മുജാഹിദ് നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും വരാന്‍സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പിന്നീടാണ് മുനവറലി ശിഹാബ് തങ്ങളും റഷീദലി തങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകൊണ്ട് നോട്ടീസില്‍ പേരുവെച്ച് പുറത്തിറക്കിയിരുന്നത്. ‘കുടുംബം ധാര്‍മ്മികത’ എന്ന സെഷനിലായിരുന്നു റഷീദലി തങ്ങള്‍ പങ്കെടുക്കേണ്ടിയിരുന്നത്. ലിബറലിസവുമായി ബന്ധപ്പെട്ട സെമിനാറില്‍ മുനവറലി തങ്ങള്‍ പങ്കെടുക്കുമെന്നായിരുന്നു നോട്ടീസില്‍ അറിയിച്ചിരുന്നത്. എന്നാല്‍ മുനവറലി തങ്ങള്‍ വിദേശത്താണെന്നും റഷീദലി തങ്ങള്‍ മറ്റു ചില അസൗകര്യങ്ങളുമാണ് അറിയിച്ചാണിപ്പോള് സമ്മേളനത്തില്‍നിന്നും പിന്മാറിയിരിക്കുന്നത്.ആശയപരമായിത്തന്നെ സമസ്തയും മുജാഹിദും അഭിപ്രായ വ്യത്യാസമുള്ള സംഘടനകളാണ്. കൂടാതെ സമസ്ത വിരുദ്ധ ക്യാമ്പയിനുകള്‍ നടത്താന്‍ മുജാഹിദ് തയ്യാറെടുക്കുന്നു എന്ന ചില സൂചനകളും സമസ്ത നേതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.മുജാഹിദ് സംസ്ഥാന സെക്രട്ടറി കൂടിയായ മജീദ് സ്വലാഹിയുടെ അഭിമുഖം നേരത്തെ വിവാദമായിരുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കകള്‍ നേരിടുന്നില്ല, സുരക്ഷിതരാണെന്നും പുറത്ത് ഭയാശങ്കകള്‍ പരത്തുന്നത് രാഷ്ട്രീയ നേതാക്കളാണെന്നുമായിരുന്നു പ്രസ്താവന. സമ്മേളന പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന് പിള്ളയേയും കേന്ദ്ര മന്ത്രി വി. മുരളീധരനേയും പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് വലിയതോതില്‍ ചര്‍ച്ചയായി. ഇതുകൂടി കണക്കിലെടുത്താണ് പാണക്കാട് കുടുംബത്തില്‍ നിന്ന് മുജാഹിദ് സമ്മേളനത്തില്‍ ആരും പങ്കെടുക്കേണ്ടതില്ലെന്നതീരുമാനത്തില്‍ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.നേരത്തെ കൂരിയാട് സമ്മേളനത്തില്‍ പങ്കെടുത്ത ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത യുവജന വിഭാഗവും വിദ്യാര്‍ഥി സംഘടനയും രംഗത്തുവന്നിരുന്നു. മലപ്പുറം ജില്ലാ സുന്നി മഹല്ല് ഫെഡറേഷന് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന റഷീദലി തങ്ങളെ നീക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.
മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതനവീകരണ വാദികളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും നിലവിലെ സാഹചര്യത്തില്‍ സലഫിസത്തെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില സുന്നികളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനുള്ള മുജാഹിദ് നീക്കത്തില്‍ വഞ്ചിതരാകരുതെന്നും ചേളാരി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവന നടത്തിയിരുന്നു.എന്നാല്‍ മുസ്ലിം സംഘടനകളില്‍ നിന്ന് ഭിന്നിപ്പിന്റെ സ്വരങ്ങളല്ല ഉണ്ടാകേണ്ടതെന്നും ഐക്യത്തിന്റെ പാതയാണ് വെട്ടിത്തുറക്കേണ്ടതെന്നുമാണ് ഇതിനോട് റഷീദലി തങ്ങള്‍ മുജാഹിദ് സമ്മേളനത്തില്‍ പ്രതികരിച്ചത്. സമസ്തയുടെ ആദര്‍ശത്തില്‍ അടിയുറച്ച് നിന്നാണ് താന്‍ ഇവിടെ സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുവജന സംഘടനയുടെ ഉത്തരവാദിത്വം വഹിക്കുന്നതിനാല്‍ ധാര്‍മികപരമായ ഉത്തരവാദിത്വമുള്ളത് കൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നായിരുന്നു മുനവ്വറലിയുടെ നിലപാട്. ആതിഥേയത്വം സ്വീകരിക്കണമെന്ന പ്രവാചക വചനവും അദ്ദേഹം ഉദ്ധരിച്ചു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാത്ത ഏത് പ്രസ്ഥാനവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞാണ് അന്ന് മുനവ്വറലി തങ്ങള്‍ പ്രസംഗം അവസാനിപ്പിച്ചത്.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




