ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണം തികഞ്ഞ അസംബന്ധം: പി.എം.എ സലാം

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ  ഉയര്‍ന്ന ആരോപണം തികഞ്ഞ അസംബന്ധം: പി.എം.എ സലാം

തിരൂരങ്ങാടി: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു വസ്തുതകളുടെയും പിന്‍ബലം ഇല്ലാത്ത ആരോപണമാണിത്. ഈ കേസില്‍ എവിടെയും ഇല്ലാതിരുന്ന ഒരു വക്കീലിന് സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം ഒരു ബോധോദയം ഉണ്ടായത് തന്നെ ദുരൂഹമാണ്. റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എസ്.പി ഇദ്ദേഹത്തെ വിളിച്ചു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അദ്ദേഹം അന്ന് സര്‍ക്കാര്‍ സംവിധാനത്തിലോ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായോ ഉള്ള ഉദ്യോഗസ്ഥനായിരുന്നില്ല. അദ്ദേഹത്തെ വിളിച്ചാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ എന്തെല്ലാം വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്ന് എസ്.പി ചോദിച്ചതെന്ന് പറഞ്ഞത് തന്നെ അവിശ്വസനീയമാണ്. -പി.എം.എ സലാം പറഞ്ഞു.
മുസ്ലിംലീഗിനെയും നേതാക്കളെയും താറടിച്ചു കാണിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിത്. ആരോപണം ഉന്നയിച്ച വ്യക്തിക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മുസ്ലിംലീഗിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും കേരള ലോയേഴ്‌സ് ഫോറവും നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നേരിന്റെ അംശം പോലും ഇല്ലാത്ത വ്യാജ ആരോപണമാണിത്. കേസ് നടത്തിപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനുള്ള പങ്ക് എത്രത്തോളമുണ്ട് എന്ന് ഈ കേസുമായി മുന്നോട്ട് പോയ നേതാക്കള്‍ക്ക് അറിയാം. അവര്‍ അക്കാര്യം വ്യക്തമാക്കിയതാണ്. കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ നിന്ന് ഒരിഞ്ചുപോലും പിറകോട്ട് പോവുകയില്ല. ഈ ഗൂഢാലോചനയുടെ പിറകിലുള്ളവരെ വെളിച്ചത്തു കൊണ്ടുവരുന്നത് വരെ മുസ്ലിംലീഗിന് വിശ്രമം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Sharing is caring!