ആറ് പതിറ്റാണ്ടിനുശേഷം ജന്മനാട്ടിലെത്തിയ സന്തോഷത്തിലാണ് മലപ്പുറത്തെ 86 കാരനായ അബൂബക്കര്‍

ആറ് പതിറ്റാണ്ടിനുശേഷം  ജന്മനാട്ടിലെത്തിയ  സന്തോഷത്തിലാണ് മലപ്പുറത്തെ 86 കാരനായ  അബൂബക്കര്‍

മലപ്പുറം: ആറ് പതിറ്റാണ്ടിനുശേഷം ജന്മനാട്ടിലെത്തിയ സന്തോഷത്തിലാണ് മലപ്പുറത്തെ 86 കാരനായ അബൂബക്കര്‍. മലപ്പുറം മേലാറ്റൂര്‍ കിഴക്കുംപാടം പാതിരിക്കോട് അമ്പലത്തൊടിക വീട്ടില്‍ അബൂബക്കറാണ് (86) വര്‍ഷങ്ങള്‍ക്കിപ്പുറം വീടണഞ്ഞത്. കര്‍ണാടകത്തിലെ ബല്‍ഗാവിയ ജില്ലയില്‍ കിറ്റൂരില്‍ സ്ഥിരതാമസമാക്കിയ അബൂബക്കര്‍ കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സകുടുംബം മേലാറ്റൂരിലെ വീട്ടിലെത്തിയത്.
ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 15 പേരാണ് എത്തിയത്. ചെറുപ്പത്തില്‍ ഒരു തവണ അബൂബക്കര്‍ നാടുവിട്ടു പോയെങ്കിലും പിന്നീടു തിരികെ വന്നിരുന്നു. രണ്ടാമത് പോകുമ്പോള്‍ തിരികെയെത്തുമെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും 61 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തിരിച്ചെത്തിയിരിക്കുന്നത്. അന്ന് ആദ്യം പോയത് വയനാട്, കുടക് എന്നിവിടങ്ങളിലായിരുന്നു. പിന്നീട് അവിടെ നിന്ന് കിറ്റൂരിലേക്ക് കോണ്‍ട്രാക്ടറായി ജോലിക്ക് പോയി. വിവാഹം കഴിച്ചു, വീടുവെച്ച് അവിടെ താമസമാക്കി.
അബൂബക്കറിന്റെ പേരക്കുട്ടി വഴിയാണ് പാതിരിക്കോടുള്ള ബന്ധുക്കളുമായി ആശയവിനിമയം നടത്തിയത്. കര്‍ണാടകത്തില്‍ മാധ്യമപ്രവര്‍ത്തകനായ പേരക്കുട്ടി അബ്ബാസ് അലി ഗൂഗിളില്‍ സ്ഥലപ്പേര് തിരയുകയും എന്‍ടി ബേക്കറി എന്ന ബോര്‍ഡിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയുമായിരുന്നു. വീട്ടുപേര് പറഞ്ഞതോടെ ബേക്കറി ഉടമയായ അലി നാട്ടിലെ ബന്ധുക്കള്‍ക്ക് ഫോണ്‍ നമ്പര്‍ കൈമാറി. അബൂബക്കറിന്റെ അനുജന്റെ മകന്‍ സാജിദ്, അബ്ബാസ് അലിയുമായി സംസാരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ കര്‍ണാടകത്തിലേക്കു തിരിക്കുകയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയുമായിരുന്നു.
എട്ട് സഹോദരങ്ങളാണ് അബൂബക്കറിനുള്ളത്. ഇതില്‍ ഒരാള്‍ മരിച്ചു. മകന്‍ കൈവിട്ടുപോയ വിഷമം പേറി നടന്ന ഉപ്പ മമ്മദും ഉമ്മ കുഞ്ഞീരുമ്മയും ഇതിനകം വിട പറഞ്ഞു. അറ്റുപോയെന്ന് കരുതിയ ബന്ധത്തിന്റെ കൂടിച്ചേരലിന് സാക്ഷികളാകാന്‍ നിരവധി പേരാണ് കഴിഞ്ഞദിവസം പാതിരിക്കോടുള്ള വീട്ടിലെത്തിയത്. അതേസമയം ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കുടുംബാംഗം തിരിച്ചെത്തിയ സന്തോഷത്തിലാണ് മേലാറ്റൂരിലെ ഈ കുടുംബം. എല്ലാവരെയും ഒരിക്കല്‍ക്കൂടി വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അബൂബക്കര്‍ പറഞ്ഞു.

Sharing is caring!