മലപ്പുറം ജില്ലയില്‍ അഞ്ച് പോക്സോ അതിവേഗ കോടതികള്‍ കൂടി ആരംഭിച്ചു

മലപ്പുറം ജില്ലയില്‍ അഞ്ച് പോക്സോ അതിവേഗ കോടതികള്‍ കൂടി ആരംഭിച്ചു

മഞ്ചേരി : കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ പരിഗണിക്കുന്നതിനായി ജില്ലയില്‍ അഞ്ച് പുതിയ പോക്സോ അതിവേഗ കോടതികള്‍ പ്രവര്‍ത്തനമാരംഭിച്ചു. മഞ്ചേരി, നിലമ്പൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി എന്നിവിടങ്ങളിലാണ് പുതിയ കോടതികള്‍ തുടങ്ങിയത്. മഞ്ചേരിയില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) യോടനുബന്ധിച്ചാണ് ആദ്യമായി പോക്സോ സ്പെഷ്യല്‍ കോടതി ആരംഭിക്കുന്നത്. പിന്നീട് തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങള്‍ക്കൊപ്പം മഞ്ചേരിക്ക് ഒരു അതിവേഗ പോക്സോ കോടതി കൂടി ലഭിച്ചു. പുതിയ കോടതികള്‍ക്കൂടി വന്നതോടെ മഞ്ചേരിയിലെ മൂന്ന് അടക്കം ജില്ലയില്‍ ഒമ്പത് പോക്സോ കോടതികളായി.
ഇന്നലെ ആരംഭിച്ച കോടതികളില്‍ ജഡ്ജിമാര്‍ ചുമതലയേറ്റെങ്കിലും പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടില്ല. ജഡ്ജി, സീനിയര്‍ ക്ലര്‍ക്ക്, ബെഞ്ച് ക്ലര്‍ക്ക് എന്നിവര്‍ക്ക് പുറമെ കരാറടിസ്ഥാനത്തിലുള്ള നാല് ജീവനക്കാര്‍ ഓരോ കോടതിയിലുമുണ്ടാകും. പരപ്പനങ്ങാടിയിലും പെരിന്തല്‍മണ്ണയിലും കോടതിവളപ്പില്‍ തന്നെയാണ് പുതിയ കോടതികള്‍. മഞ്ചേരിയില്‍ ഐ.ജി.ബി.ടി.യിലെ നഗരസഭാ കെട്ടിടത്തിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. നിലമ്പൂരില്‍ നഗരസഭ സൗജന്യമായി കെട്ടിടം അനുവദിച്ചു. പൊന്നാനിയില്‍ വാടകക്കെട്ടിടത്തിലാണ് കോടതി. ജില്ലയില്‍ രണ്ടായിരത്തോളം പോക്‌സോ, ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളാണ് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. പുതിയ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
അഞ്ചു കോടതികളുടെയും ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍വഹിച്ചു. ജില്ലാ ജഡ്ജ് എസ്.മുരളീകൃഷ്ണ അധ്യക്ഷനായി. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ്.നസീറ, ബാര്‍ അസോ.പ്രസിഡന്റ് കെ.സി.അഷ്റഫ്, ഫാസ്റ്റ്ട്രാക് കോടതി ജഡ്ജ് എസ്. രശ്മി, സി.ജെ.എം. എ. എം. അഷ്റഫ്, മുന്‍ ഡി.ജി.പി. അഡ്വ.ശ്രീധരന്‍ നായര്‍, അഡ്വ.പി.സി. മൊയ്തീന്‍, അഡ്വ.കെ.കെ. മുഹമ്മദ് അക്ബര്‍ കോയ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!