പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പാരാതിക്കാരിയുടെ എസ്റ്റേറ്റില്‍ നിന്നും 50 ലക്ഷത്തിന്റെ തേക്ക് മരങ്ങള്‍ മുറിച്ചു

പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പാരാതിക്കാരിയുടെ എസ്റ്റേറ്റില്‍ നിന്നും 50 ലക്ഷത്തിന്റെ തേക്ക് മരങ്ങള്‍ മുറിച്ചു

നിലമ്പൂര്‍: കോടതി ഉത്തരവ് ലംഘച്ച് പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പരാതിക്കാരിയുടെ എസ്റ്റേറ്റില്‍ നിന്നും 50 ലക്ഷം രൂപയുടെ തേക്ക് മരങ്ങള്‍ മുറിച്ചു. ജയ മുരുഗേഷിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചത്. ഇവിടെ നിന്നും റബര്‍ മരങ്ങളോ തേക്ക് മരങ്ങളോ മുറിക്കരുതെന്ന് മഞ്ചേരി സബ് കോടതി ഉത്തരവ് നിലനില്‍ക്കെയാണ് മരങ്ങള്‍ മുറിച്ചത്. കോടതി ഉത്തവ് ലംഘിച്ച് മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ്, പൂക്കോട്ടുംപാടം കൈനോട്ട് അന്‍വര്‍സാദത്ത്, വേങ്ങാപ്പരത സ്വദേശി മുസ്തഫ എന്നിവര്‍ തേക്ക് മരങ്ങള്‍ മുറിച്ചതായി കാണിച്ച് ജയ മുരുഗേഷ് പൂക്കോട്ടുംപാടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
50 ലക്ഷം രൂപ വിലമതിക്കുന്ന 60 തോളം തേക്കുമരങ്ങളാണ് മുറിച്ചിട്ടുള്ളത്. ഇവയില്‍ രണ്ട് ലോഡ് മരങ്ങള്‍ കടത്തികൊണ്ട് പോയതായും അവശേഷിക്കുന്ന മരങ്ങള്‍ റീഗള്‍ എസ്‌റ്റേററിലും സമീപത്തെ മേരിലാന്റ് എസ്റ്റേറ്റിലുമായി സൂക്ഷിച്ചിരിക്കുകയുമാണെന്ന് ജയ മുരുഗേഷ് പറഞ്ഞു. 2021 സെപ്തംബറില്‍ റീഗള്‍ എസ്റ്റേറ്റില്‍ ജയ മുരുഗേഷിന്റെ സ്ഥലത്തുനിന്നും തേക്കുമരങ്ങള്‍ മുറിച്ചു കടത്തിയതിന് എ.കെ.എസ് സിദ്ദിഖ്, കൈനോട്ട് അന്‍വര്‍ സാദത്ത് എന്നിവരെ പോലീസ് അറസ്റ്റു ചെയ്യുകയും മരം മുറിച്ചു കടത്താന്‍ ഉപയോഗിച്ച ലോറിയും ട്രാക്ടറും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
റീഗള്‍ എസ്റ്റേറ്റ് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയും നിരന്തരം അതിക്രമങ്ങള്‍ നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ജയ മുരുഗേഷ്, ഭര്‍ത്താവ് മുരുഗേഷ് നരേന്ദ്രനും കുടുംബത്തിനും എസ്റ്റേറ്റ് മാനേജര്‍ക്കും എസ്റ്റേറ്റിനും പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Sharing is caring!