സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

മലപ്പുറം: സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. സ്‌പോര്‍ട്‌സ് വേറെ, മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവര്‍ അതില്‍ പങ്കെടുക്കും. താരാരാധന കായികപ്രേമികളുടെ വികാരമാണെന്നും മന്ത്രി പറഞ്ഞു. മതം അതിന്റെ വഴിക്കും സ്‌പോര്‍ട്‌സ് അതിന്റെ വഴിക്കും പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ഫുട്‌ബോള്‍ ഒരു ലഹരിയാകരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ പറഞ്ഞിരുന്നു. ഇതിനു മുറപടിയായാണ് കായികമന്ത്രിയുടെ പ്രതികരണം.

സമസ്തയുടെ പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിനെയാണ്:
ഫുട്‌ബോള്‍ ഒരു കായികാഭ്യാസമെന്ന നിലയില്‍ നിഷിദ്ധമല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണ്. തിരുനബി(സ) കുട്ടികളെ ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നു. വിനോദങ്ങള്‍ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്ലാം ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. കായികാഭ്യാസങ്ങളില്‍ റസൂല്‍ ഏര്‍പ്പെട്ടതും പത്നി ആഇശ(റ)യുമായി തിരുനബി മത്സരിച്ചതും എത്യോപ്യക്കാര്‍ പള്ളിയില്‍ നടത്തിയ കായികാഭ്യാസങ്ങള്‍ നോക്കിക്കാണുവാന്‍ പ്രവാചകന്‍ പത്നി ആഇശ(റ)ക്ക് അവസരമൊരുക്കിയതും ചരിത്രത്തില്‍ പ്രസിദ്ധമാണ്. എന്നാല്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വേണം കളിയും. നമസ്‌കാരം കൃത്യസമത്ത് നിര്‍വഹിക്കുന്നതില്‍നിന്നും തടസ്സപ്പെടുത്തുന്ന വിധത്തില്‍ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം.

Sharing is caring!