അര്‍ജന്റീന തോറ്റേന് ഞങ്ങക്ക് ഒരു കൊഴപ്പോല്ല, മെസി ഇനീം കളിക്കാനുള്ളതല്ലേ’

അര്‍ജന്റീന തോറ്റേന് ഞങ്ങക്ക്  ഒരു കൊഴപ്പോല്ല, മെസി ഇനീം  കളിക്കാനുള്ളതല്ലേ’

മലപ്പുറം: പോടാ അവടന്ന്, അര്‍ജന്റീന തോറ്റേന് ഞങ്ങക്ക് ഒരു കൊഴപ്പോല്ല, മെസി ഇനീം കളിക്കാനുള്ളതല്ലേ’ കളിയാക്കിയവരെ വീറോടെ നേരിട്ട പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പടരുകയാണ്. തിരൂര്‍ മംഗലത്തെ ലുബ്ന ഫാത്തിമയാണ് വീഡിയോയിലെ താരം. മംഗലം എഎല്‍പി സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.

അര്‍ജന്റീന- സൗദി മത്സരം റെഡ് സ്റ്റാര്‍ മംഗലം ഒരുക്കിയ ബിഗ് സ്‌ക്രീനില്‍ കണ്ട് മടങ്ങുമ്പോഴാണ് സംഭവം. അതേപ്പറ്റി ലുബ്ന പറയുന്നതിങ്ങനെ. ‘ ഞങ്ങളെല്ലാരും ജേഴ്സിയൊക്കെ ഇട്ടാണ് കളികാണാന്‍ പോയത്. മെസി തോറ്റപ്പൊ ഇനിക്ക് സഹിച്ചില്ല. ഇവിടെ മെസീന്റെ ഒക്കെ കൊറേ ഫോട്ടോ വച്ചിട്ടുണ്ട്. അവിടെനിന്ന് കൊറേപേര് തുള്ളിക്കളിക്കുന്നു. അപ്പൊ ഇനിക്ക് ദേഷ്യംവന്നു”.
വീഡിയോ നാട്ടിലാകെ തരംഗമായതൊന്നും ലുബ്നയും കൂട്ടുകാരും അറിഞ്ഞിരുന്നില്ല. ബുധനാഴ്ച സ്‌കൂള്‍ വിട്ടുവന്നപ്പോളാണ് കാര്യമറിയുന്നത്.

മാങ്ങാപ്പറമ്പില്‍ സുലൈമാന്റെയും സുഹറാബിയുടെയും മകളാണ് ലുബ്ന. ‘ഇനിള്ള രണ്ട് കളീം ജയിച്ച് അവസാനം കപ്പുംകൊണ്ടെ മെസി പോകൂ, ബ്രസീലാരേ ഇങ്ങള് കരുതി ഇരുന്നോളീ. ബ്രസീല് തോറ്റാല്‍ ഞങ്ങളിവിടെ പടക്കം പൊട്ടിക്കും’…
കളിയാക്കിയവര്‍ക്ക് രണ്ടാം ക്ലാസുകാരിയുടെ താക്കീത്. ലുബ്നയ്ക്ക് കട്ടസപ്പോര്‍ട്ടുമായി കൂട്ടുകാരി ഇന്‍ഷ ഫാത്തിമയും കൂടെയുണ്ടായിരുന്നു. നാലാം ക്ലാസിലാണ് ഇന്‍ഷ. മേലത്ത് പുത്തൂര്‍ ഷാഹിറിന്റെയും മുഹ്സിനയുടെയും മകളാണ്.
ഇത് സ്നേഹസമ്മാനം

ലുബ്ന ഫാത്തിമയ്ക്കും ഇന്‍ ഷ ഫാത്തിമയ്ക്കും സ്നേഹസമ്മാനവുമായി ജില്ലാ പഞ്ചായത്തംഗം ഇ അഫ്സല്‍ എത്തി.
ലുബ്നയുടെ വീട്ടിലെത്തി ഇരുവര്‍ക്കും ഫുട്ബോള്‍ സമ്മാനിച്ചു. എസ്എഫ്ഐ തിരൂര്‍ ഏരിയാ സെക്രട്ടറി ജിത്തു, ഡിവൈഎഫ്ഐ മംഗലം മേഖലാ കമ്മിറ്റി അംഗം റഹീസ്, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഷിനു, ഷാജഹാന്‍ എന്നിവരും ഒപ്പമുണ്ടായി.

Sharing is caring!