രണ്ട് ലക്ഷം നല്‍കിയാല്‍ നാലുമാസത്തിന് ശേഷം എട്ടുലക്ഷം രൂപ റൊക്കം പണമായി നല്‍കാമെന്നും വാഗ്ദാനം.

രണ്ട് ലക്ഷം നല്‍കിയാല്‍  നാലുമാസത്തിന് ശേഷം എട്ടുലക്ഷം രൂപ റൊക്കം പണമായി നല്‍കാമെന്നും വാഗ്ദാനം.

മലപ്പുറം: രണ്ടു ലക്ഷം രൂപ നല്‍കിയാല്‍ നാലു മാസത്തിനു ശേഷം എട്ടു ലക്ഷം രൂപയുടെ വീട്. എന്റെ ഉസ്താദിന് ഒരു വീട് എന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയുടെ പേരില്‍ കോടികളുടെ പിരിവ് നടത്തിയ സംഘം മഞ്ചേരിയില്‍ പിടിയില്‍. ഡിവൈന്‍ ഹാന്റ് ചാരിറ്റബിള്‍ എന്ന പേരില്‍ ട്രസ്റ്റ് രൂപവല്‍ക്കരിച്ചാണ് തട്ടിപ്പ്. മഞ്ചേരി പൊലീസ് ഇന്‍സ്‌പെകടര്‍ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റു ചെയ്തു. ട്രസ്റ്റ് സെക്രട്ടറി അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി മുഹമ്മദ് ഷഫീഖ് (31), താഴേക്കോട് കരിങ്കല്ലത്താണി മാട്ടറക്കല്‍ കാരംകോടന്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (39), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് തോണിക്കടവില്‍ ഹുസൈന്‍ (39), പാലക്കാട് അലനല്ലൂര്‍ കര്‍ക്കടാംകുന്ന് ചുണ്ടയില്‍ ഷൗക്കത്തലി (47) എന്നിവരാണ് പിടിയിലായത്.
മഞ്ചേരി മുട്ടിപ്പാലത്തെ കെട്ടിടത്തിലെ ഒരു മുറിയില്‍ അനധികൃതമായി പണമിടപാട് നടക്കുന്നുവെന്ന് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ പി പ്രശാന്ത് ചൊവ്വാഴ്ച വൈകീട്ട് 5.15 മണിയോടെ രഹസ്യ നിരീക്ഷണത്തിനായി സ്ഥലത്തെത്തുകയായിരുന്നു. അടച്ചിട്ട വാതിലില്‍ മുട്ടിയപ്പോള്‍ ഒരാള്‍ വാതില്‍ തുറന്നു. റൂമിനകത്ത് പണം കെട്ടുകളായി സൂക്ഷിച്ചിരുന്നു. വന്നത് പൊലീസാണെന്ന് മനസ്സിലായപ്പോള്‍ ഒരാള്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ തടഞ്ഞുവെച്ച് പ്രശാന്ത് ജില്ലാ പൊലീസ് മേധാവിയെയും മഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടറെയും വിവരമറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ റിയാസ് ചാക്കീരി പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലത്തു നിന്നും 58.5 ലക്ഷം രൂപ, നിരവധി ചെക്കുബുക്കുകള്‍, റസീറ്റുകള്‍, എഗ്രിമെന്റുകള്‍, ബ്ലാങ്ക് മുദ്രക്കടലാസുകള്‍, കറന്‍സി എണ്ണുവാനുള്ള മെഷീന്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. രണ്ടാം പ്രതിയുടെ വീട്ടില്‍ നിന്ന് 30.7 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ 2019ലെ ബാനിംഗ് ഓഫ് അണ്‍റഗുലേറ്റഡ് ഡെപോസിറ്റ് സ്‌കീം ആക്ട് പ്രകാരം കേസ്സെടുത്ത് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പദ്ധതി സംബന്ധിച്ച് പത്രസമ്മേളനങ്ങള്‍ നടത്തി, ഈ വാര്‍ത്താ കട്ടിംഗുകള്‍ കാണിച്ചാണ് ഇവര്‍ സംഭാവനകള്‍ സ്വീകരിക്കുന്നത്. ഏതാനും പേര്‍ക്ക് വീട് നല്‍കിയ ശേഷം ഇതിന്റെ താക്കോല്‍ദാനം പ്രമുഖ വ്യക്തികളെക്കൊണ്ട് നിര്‍വ്വഹിക്കുകയും, ചടങ്ങ് ഫോട്ടോയെടുത്ത് പ്രസിദ്ധപ്പെടുത്തിയുമാണ് ആളുകളെ വിശ്വസിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ ആരും പരാതിയുമായി മുന്നോട്ടു വന്നിട്ടുമില്ല. വീട് ലഭിച്ചവരുടെ മൗത്ത് പബ്ലിസിറ്റിയാണ് ഇവര്‍ ഏറെ ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്തുടനീളം സംഘം ഇത്തരത്തില്‍ പിരിവ് നടത്തിയതായാണ് അറിവ്. ഇതിനായി മദ്രസകളെയും ഇതരസ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പോലീസ് പരിശോധന നടക്കുന്ന സമയത്തും ചിലര്‍ പണം നിക്ഷേപിക്കാനെത്തിയിരുന്നു. ഇതിനകം ഒരു കോടിയിലധികം രൂപ പിരിച്ചതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. നൂറിലധികം പേര്‍ പണം നിക്ഷേപിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ മൂന്നാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Sharing is caring!