മലപ്പുറത്ത് നയര പെട്രോള്‍ഡീസല്‍ ഔട്ട് ലെറ്റ് ലൈസന്‍സുള്‍പ്പടെ കമ്മീഷനിംഗ് വാഗ്ദാനം ചെയ്ത് 68 ലക്ഷം രൂപ തട്ടി

മലപ്പുറത്ത് നയര പെട്രോള്‍ഡീസല്‍ ഔട്ട് ലെറ്റ് ലൈസന്‍സുള്‍പ്പടെ കമ്മീഷനിംഗ് വാഗ്ദാനം ചെയ്ത് 68 ലക്ഷം രൂപ തട്ടി

മലപ്പുറം: നയര പെട്രോള്‍-ഡീസല്‍ പമ്പ് നിര്‍മ്മിച്ചു നല്‍കാമെന്നും ലൈസന്‍സും മറ്റു അനുബന്ധ രേഖകളും ശരിയാക്കിത്തരാമെന്നും വാഗ്ദാനം നല്‍കി 68.5 ലക്ഷം രൂപ തട്ടിയെടുത്തതായി മലപ്പുറത്തെ പ്രവാസിയുടെ പരാതി. മലപ്പുറം വേങ്ങര ഊരകം സ്വദേശി എന്‍.ടി ഫൈസലി(54)നെതിരെയാണ് പെരുവള്ളൂര്‍ കാടപ്പടിയിലെ വി.എന്‍ ഗിരീഷ് കുമാര്‍ പരാതി നല്‍കിയത്. വിദേശത്ത് ബിസിനസ് ചെയ്യുന്ന പ്രവാസിയായ ഗിരീഷ് കുമാര്‍ തന്റെ ഭാര്യയുടെ പേരില്‍ വേങ്ങര കാടപ്പടിയില്‍ സ്ഥിതി ചെയ്യുന്ന 29 സെന്റ് ഭൂമിയിലാണ് പെട്രോള്‍ പമ്പ് നിര്‍മ്മിക്കാന്‍് തീരുമാനിച്ചത്. ഇവിടെ കേരളത്തിലെ ‘നയര’ സ്വകാര്യ പെട്രോള്‍ പമ്പിന്റെ ഔട്ട്ലെറ്റ് നിര്‍മിച്ച് കമ്മീഷന്‍ ചെയ്തു നല്‍കാമെന്നും ലൈസന്‍സ് ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകളെല്ലാം ശരിയാക്കിത്തരുമെന്നും വാഗ്ദാനം നല്‍കി 68.5 ലക്ഷം രൂപ ഫൈസല്‍ തട്ടിയെടുക്കുകയായിരുന്നു. 25 ലക്ഷം രൂപ എക്കൗണ്ട് വഴിയും ബാക്കി തുക നേരിട്ട് പലഘട്ടങ്ങളിലായാണ് കൈമാറിയത്. നിലവില്‍ തിരുവനന്തപുരത്ത് താമസിക്കുന്ന ഗിരീഷ് കുമാറും കുടുംബവും അവിടെ വെച്ചാണ് കരാര്‍ ഒപ്പിടുകയും കൈമാറുകയും ചെയ്തത്. അന്വേഷണത്തില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പലരില്‍ നിന്നും ഇയാള്‍ ഇതേ രീതിയില്‍ ലക്ഷങ്ങള്‍ തട്ടിയതായി മലപ്പുറം പ്രസ്‌ക്ലാബില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ഗിരീഷ് കുമാര്‍ ആരോപിച്ചു.
25 ലക്ഷം രൂപ ഫെഡറല്‍ ബാങ്ക് വഴിയും, ബാക്കി തുക നേരിട്ടുമാണ് കൈമാറിയത്. ഉറപ്പുനല്‍കിയ നാളിതുവരെ കാടപ്പടിയിലെ പ്രസ്തുത ഭൂമിയില്‍ എന്തെങ്കിലും തരത്തിലുള്ള നിര്‍മ്മാണം ആരംഭിക്കുകയോ, പമ്പിന്റെ ലൈസന്‍സ് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് ശ്രമം നടത്തുകയോ എന്‍.ടി ഫൈസല്‍ ചെയ്തിട്ടില്ല
നയാരാ എനര്‍ജി ലിമിറ്റഡ് കമ്പനി നല്‍കിയതാണെന്ന് പറഞ്ഞ് എന്‍. ടി ഫൈസല്‍ ചില വ്യാജരേഖകള്‍ നിര്‍മ്മിച്ച് അത് ഒറിജിനലാണെന്ന് പറഞ്ഞ് ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നയാരാ എനര്‍ജി ലിമിറ്റഡ് കമ്പനി അത്തരത്തില്‍ യാതൊരു രേഖയും ഇയാള്‍ക്ക് നല്‍കിയിട്ടില്ലെന്നും, അത് വ്യാജമായി സൃഷ്ടിച്ചതാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു. കൂടാതെ,
കമ്പനിയുടെ എറണാകുളത്തുള്ള ഉന്നത ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധമുണ്ടെന്നും എന്‍ ടി ഫൈസല്‍ പലപ്പോഴായി ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഞങ്ങളെ ചതിച്ചും വഞ്ചിച്ചുമാണ് എന്‍ ടി ഫൈസല്‍ 68,50,000 രൂപ തട്ടിയെടുത്തിട്ടുള്ളത്.ഫൈസലിനെതിരെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. 19.11.2022 ന് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇനി ഒരാളേയും ഇയാള്‍ സാമ്പത്തികമായോ അല്ലാതേയോ പറ്റിക്കാന്‍ ഇടവരുത്താതിരിക്കാന്‍ ഫൈസലിനെതിരെ കര്‍ശന നിയമ നടപടിയുണ്ടാവണമെന്നും ഗിരീഷ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഗിരീഷിനൊപ്പം അക്കൗണ്ടന്റ് എം ടി ബഷീര്‍ മാനേജര്‍ ശിഹാബ് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!