മലപ്പുറം: ശശി തരൂരിനെ ചുറ്റി യു ഡി എഫ് രാഷ്ട്രീയം വിവാദ കേന്ദ്രമായിരിക്കേ പാണക്കാട് ലീ​ഗ് നേതാക്കളെ കണ്ട് അദ്ദേഹം ചർച്ച നടത്തി. സൗഹൃദ ചർച്ചയാണ് ശശി തരൂർ നടത്തിയതെന്ന് പറയുമ്പോഴും കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാ​ഗമായ ചർച്ചകളായാണ് കേരള രാഷ്ട്രീയം അദ്ദേഹത്തിന്റെ സന്ദർശനത്തെ കാണുന്നത്. മുസ്ലിം ലീ​ഗിന്റെ മുതിർന്ന നേതാക്കളടക്കം പാണക്കാട് സാദിഖലി തങ്ങളുടെ വസന്തിയിൽ നടന്ന ശശി തരൂരിന്റെ സന്ദർശന സമയത്ത് ഉണ്ടായിരുന്നു. കോഴിക്കോട് എം പി എം കെ രാഘവനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കോൺ​ഗ്രസിനകത്ത് ഇനിയും ​ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് താൽപര്യമില്ലെന്നും സന്ദർശനത്തിൽ പുതുതായി ഒന്നും കാണണ്ടെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്ത് വരുമ്പോഴെല്ലാം പാണക്കാട് വരാറുള്ളതാണ്. മാത്രമല്ല മുസ്ലിം ലീ​ഗ് നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ തന്നെ ചുറ്റിപറ്റി ഉയരുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം അകന്ന് മാറി.

പാണക്കാ‌ട് സന്ദർശനത്തിന് ശേഷം കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസിലും അദ്ദേഹം എത്തി. ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി അധ്യക്ഷൻ വി എസ് ജോയിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. എന്നാൽ ജില്ലയിലെ മുതിർന്ന നേതാക്കളായ എ പി അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരുടെ അഭാവം ശ്രദ്ധയായി. എന്നാൽ ഇതിൽ വിവാദമുണ്ടാകേണ്ടെന്നും ഔദ്യോ​ഗിക പരിപാടികളില്ലാത്തതിനാൽ ജില്ലാ കമ്മിറ്റി അധ്യക്ഷൻ മാത്രം ഉണ്ടാവുക എന്നത് സ്വാഭാവികമാണെന്നും വി എസ് ജോയി അറിയിച്ചു.

Sharing is caring!