പോപ്പുലര്‍ ഫ്രണ്ട് പ്രകടനം : കീഴടങ്ങിയ പ്രതിയെ റിമാന്റ് ചെയ്തു

പോപ്പുലര്‍ ഫ്രണ്ട് പ്രകടനം : കീഴടങ്ങിയ പ്രതിയെ റിമാന്റ് ചെയ്തു

മഞ്ചേരി : സംഘടന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ എടവണ്ണയില്‍ പ്രകടനം നടത്തിയതിന് പൊലീസ് കേസ്സെടുത്തതിനെ തുടര്‍ന്ന് കീഴടങ്ങിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ മഞ്ചേരി യു എ പി എ കോടതി റിമാന്റ് ചെയ്തു. എടവണ്ണ എരഞ്ഞിക്കോട് കുരിശുംപടി ആലങ്ങാടന്‍ ഷിഹാബുദ്ദീന്‍ (41)നെയാണ് ജഡ്ജി എസ് മുരളീകൃഷ്ണ 14ദിവസത്തേക്ക് റിമാന്റ് ചെയ്തത്. 2022 സെപ്തംബര്‍ 28ന് രാവിലെ എട്ടര മണിക്കാണ് കേസന്നാസ്പദമായ സംഭവം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും എതിരായി വിദേശ ശക്തികളുടെ സാമ്പത്തിക സഹായമുള്‍പ്പെടെ സ്വീകരിച്ച് കൊലപാതകമടക്കമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പി എഫ് ഐയടക്കമുള്ള ഏതാനും സംഘടനകള്‍ നിരോധിക്കപ്പെട്ടത്. ഇതിനെതിരെ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചും കൊടി ഉയര്‍ത്തിയും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമുണ്ടാക്കും വിധം പ്രകടനം നടത്തിയെന്നതാണ് കേസ്. എടവണ്ണ ജമാലങ്ങാടി മുതല്‍ സീതിഹാജി പാലം വരെ പ്രകടനം നടത്തിയ സംഭവത്തില്‍ പത്ത് പേര്‍ക്കും കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കുമെതിരെയാണ് യു എ പി എ ആക്ട് പ്രകാരം പൊലീസ് കേസ്സെടുത്തത്. കേസിലെ ഒന്നാം പ്രതിയെ സെപ്തംബര്‍ 28നും രണ്ട്, നാല്, ഏഴ് പ്രതികളെ നവംബര്‍ 14നും അഞ്ച്, പത്ത് പ്രതികളെ 18നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതിയായ ഷിഹാബുദ്ദീന്‍ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം മുമ്പാകെ കീഴടങ്ങുകയായിരുന്നു.

Sharing is caring!