മലപ്പുറം പുറത്തൂര്‍ തോണി അപകടം: നാലുമരണം

മലപ്പുറം പുറത്തൂര്‍ തോണി അപകടം:  നാലുമരണം

തിരൂര്‍: ഭാരതപുഴയില്‍ ശനിയാഴ്ചയുണ്ടായ തോണിയ പകടത്തില്‍ കാണാതായ രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. ഇതോടെ മരണ സംഖ്യ നാലായി. ഇട്ടിക പറമ്പില്‍ അബ്ദുള്‍ സലാം (55), കുഴിയിനി പറമ്പില്‍ അബൂബക്കര്‍ (65 എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിട്ടിയത് ട്രോമ കെയര്‍ പ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേരത്തെ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയോടെ നാല് സ്ത്രീകളടക്കം ആറ് പേര്‍ പുഴയില്‍ കക്ക വാരാന്‍ പോയതായിരുന്നു. രണ്ടു മൂന്ന് പുഴകള്‍ ഒന്നിച്ചു ചേര്‍ന്ന് അറബിക്കടല്‍സംഗമിക്കുന്ന പുറത്തൂര്‍ ഭാഗം ശക്തമായ ഒഴുക്കുള്ളതിനാല്‍ അപകട സാധ്യത കൂടുതലാണ്.. കക്കയുമായി മടങ്ങിവരുമ്പോള്‍ തോണി അപകടത്തില്‍ പെടുകയായിരുന്നു. ഒഴുക്കില്‍ പെട്ട സംഘത്തിലെ ആറ് പേരില്‍ രണ്ട് പേര്‍ ആദ്യമേ മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട ചക്കിട്ട പറമ്പില്‍ ബീപാത്തു (62), കുറുങ്ങാട്ട് റസിയ(40) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ലാ ആശുപത്രിയില്‍ നേതാക്കള്‍ എത്തി

പുറത്തൂര്‍ തോണിയപകടത്തില്‍ പെട്ട് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോള്‍ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും മറ്റും വിവിധ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥന്‍മാരും ജില്ലാ പഞ്ചായത്ത് അധികൃതരും ആശുപത്രിയിലെത്തി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഫൈസല്‍ എടശ്ശേരി, ഇ. അഫ്‌സല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത പുളിക്കല്‍, തിരൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ പി.രാമന്‍കുട്ടി, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഇ.ജയന്‍, പി.കെ. കൃഷ്ണദാസ്, അഡ്വ.പി.ഹംസകുട്ടി, എം.അബ്ദുള്ള കുട്ടി, അഷറഫ് കോക്കൂര്‍, അഡ്വ.പി. നസറുല്ല, അഡ്വ.കെ.ഹംസ, സലാം മാസ്റ്റര്‍, ഇബ്രാഹിം മുതൂര്‍ തുടങ്ങി ധാരാളം പേര്‍ ജില്ലാ ആശുപത്രിയില്‍ സന്നിഹിതരായിരുന്നു.

Sharing is caring!