മലപ്പുറത്തെ അര്‍ജന്റീന ആരാധാകന്റെ വിവാഹം ആഘോഷമാക്കി ഫാന്‍സുകാരായ സുഹൃത്തുക്കള്‍

മലപ്പുറത്തെ അര്‍ജന്റീന  ആരാധാകന്റെ വിവാഹം ആഘോഷമാക്കി  ഫാന്‍സുകാരായ സുഹൃത്തുക്കള്‍

മലപ്പുറം: മലപ്പുറത്തെ അര്‍ജന്റീന ആരാധാകന്റെ വിവാഹം ആഘോഷമാക്കി ഫാന്‍സുകാരായ സുഹൃത്തുക്കള്‍. അര്‍ജന്റീന ‘മയ’ത്തില്‍ മലപ്പുറത്തൊരു വിവാഹച്ചടങ്ങ്. ഭക്ഷണഹാളില്‍ ‘മെസ്സി’മയവും. ലോകക്കപ്പ് ആവേശംകൊടുമ്പിരികൊണ്ടിരിക്കെ മലപ്പുറം പത്തപ്പിരിയം വായനശാലയിലെ ഓഡിറ്റോറിയത്തില്‍ നടന്ന കടുത്ത അര്‍ജന്റീന ആരാധകനായ പാലപ്പെട്ടി ഷബീബിന്റെ വിവാഹച്ചടങ്ങാണ് ലോകകപ്പ് മത്സരവേദിയെ അനുസ്മരിക്കുംവിധത്തില്‍ അര്‍ജന്റീന ആരാധകര്‍ ആഘോഷമാക്കിയത്.
മഞ്ചേരി കാരക്കുന്ന് ചീനിക്കലിലെ പാലപ്പെട്ടി ഷബീബിന്റെ സുഹൃത്തുക്കളും കടുത്ത അര്‍ജന്റീന ആരാധകരാണ്. ഇതിനാല്‍ തന്നെ വിവാഹ തിയ്യതി പ്രഖ്യാപിച്ചതോടെ ഇവര്‍ ഇതൊരു ആഘോഷമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹ ദിവസം സുഹൃത്തുക്കളെല്ലാം എത്തിയത് വെള്ളയും നീലയും കലര്‍ന്ന അര്‍ജന്റീനയുടെ ജഴ്സി അണിഞ്ഞായിരുന്നു. ഇതോടെ പത്തപ്പിരിയം വായനശാലയിലെ ഓഡിറ്റോറിയം ലോകകപ്പ് വേദിയെ അനുസ്മരിക്കുംവിധമായി മാറി. ഗാലറിയിലെ ആരവം അവര്‍ വിവാഹവേദിയിലും തീര്‍ത്തു.
ഭക്ഷണഹാളിലും ‘മെസ്സി’മയമായി. ഭക്ഷണം പാസ് ചെയ്തും ഡ്രിബിള്‍ ചെയ്തും വിവാഹത്തിനെത്തിയവരെ സുഹൃത്തുക്കള്‍ സല്‍ക്കരിച്ചു. മിനി റൊസാരിയോ തെരുവ് എന്നാണ് ഇവര്‍ നാടിനെ വിശേഷിപ്പിക്കുന്നത്. പ്രദേശത്തെ 30ലധികം യുവാക്കളാണ് വിവാഹവേദിയെ ആകാശനീലിമയില്‍ നിറച്ചത്. അര്‍ജന്റീന ആരാധികയായ വധു ഷബാനയും ടീമിനൊപ്പം പങ്കുചേര്‍ന്നു.
വരനും വധുവിനും സമ്മാനമായി അര്‍ജന്റീനയുടെ ജഴ്സി കൊടുക്കാനും സുഹൃത്തുക്കള്‍ മറന്നില്ല. ഇതിന് പുറമെ ഈ വര്‍ഷം ഇറ്റലിയെ പരാജയപ്പെടുത്തി ഫൈനലില്‍ ഇടം നേടിയ ടീമംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും ഫ്രെയിം ചെയ്തു നല്‍കി.
സിനാന്‍ ആലങ്ങാടന്‍, ജിത്തു ചെകിരികല്ലന്‍, എം. നഷാജ്, മാനുട്ടി ചെറുകാട്, നസീം മാലങ്ങാടന്‍, അക്ബറലി വാളപ്ര, സണ്ണി പള്ളിക്കുത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!