കരിപ്പൂരില്‍ മലാശയത്തില്‍ കടത്താന്‍ ശ്രമിച്ചത് 52 ലക്ഷം രൂപയുടെ സ്വര്‍ണം

കരിപ്പൂരില്‍ മലാശയത്തില്‍ കടത്താന്‍ ശ്രമിച്ചത് 52 ലക്ഷം രൂപയുടെ സ്വര്‍ണം

മലപ്പുറം: മലാശയത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52ലക്ഷം രൂപയുടെ സ്വര്‍ണവുമായി 41കാരന്‍ കരിപ്പൂര്‍ വിമാനത്തവളത്തിന് പുറത്തുവെച്ചു പോലീസിന്റെ പിടിയില്‍. ബെഹ്റൈനില്‍ നിന്നും സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു യുവാവ്. തുടര്‍ന്ന് കസ്റ്റംസ് പരിശോധനയില്‍ രക്ഷപ്പെട്ട 41കാരനെ പോലീസാണ് പിടികൂടിയത്.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള വമ്പന്‍ സ്വര്‍ണ്ണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് പൊളിച്ചത്. സംഭവത്തില്‍ കോഴികോട് കുണ്ടുങ്ങല്‍ സ്വദേശി മുഹമ്മദ് ജനീസ് (41) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.007 കിലോഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
ബെഹ്റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു യുവാവ്.
ഇന്നു വൈകുന്നേരം 4.30 മണിക്ക് ബെഹ്റൈനില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 4.50 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ജനീസിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. കുറച്ച് സമയം എയര്‍പോര്‍ട്ട് പരിസരത്ത് തങ്ങിയ ജനീസ് തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൂത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് സീറോ പോയിന്റില്‍ വെച്ച് ജനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ ജനീസ് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തൂടര്‍ന്ന് ജനീസിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയില്‍ ജനീസിന്റെ മലാശയത്തില്‍ സ്വര്‍ണ്ണ മിശ്രിതമടങ്ങിയ 4 കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു ജനീസിനെ ബെഹ്റൈനില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. ജനീസിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട് കസ്റ്റംസിനും സമര്‍പ്പിക്കും.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 70-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

 

 

 

Sharing is caring!