നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ രാധാകൊലക്കേസില് പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും

മലപ്പുറം: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി രാധയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍കെട്ടി കുളത്തില്‍ തള്ളിയ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. കേസിലെ പ്രതികളായിരുന്ന ബി കെ ബിജു, ഷംസുദ്ദീന് എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കറാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ 2015 ഫെബ്രുവരി 12ന് മഞ്ചേരി സെഷന്‍സ് കോടതി ഇരുവര്‍ക്കും ജീവപര്യന്തം കഠിന തടവ് വിധിച്ചിരുന്നു. പിന്നീട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. 2021 മാര്‍ച്ച് 31ന് പ്രതികളെ വെറുതെ വിടുകയായിരുന്നു. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ പ്രോസിക്യൂഷന് ഹാജരാക്കിയ വസ്തുക്കളെയും സാഹചര്യ തെളിവുകളെയും ഹൈക്കോടതി ശരിയായ രീതിയില്‍ വിലയിരുത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. രണ്ടാംപ്രതിയുടെ വീട്ടില്‍നിന്ന് രാധയുടെ ആഭരണങ്ങള്‍ കണ്ടെത്തിയതടക്കം കാര്യങ്ങള്‍ ഹൈക്കോടതി കണക്കിലെടുത്തില്ല. ഒന്നാംപ്രതി ബിജുവിന്റെ വഴിവിട്ട ബന്ധങ്ങള്‍ പുറത്തുവരാതിരിക്കാനാണ് രാധയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാന്‍ വ്യക്തമായ തെളിവുകളുണ്ടെന്നും അപ്പീലില്‍ പറയുന്നു.
2014 ഫെബ്രുവരി അഞ്ചിന് കാണാതായ ചിറക്കല്‍ രാധയുടെ മൃതദേഹം 10ന് ചുള്ളിയോട് ഉണ്ണികുളത്തെ കോണ്‍ഗ്രസ് നേതാവിന്റെ പറമ്പിലെ കുളത്തില്‍ ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തുകയായിരുന്നു. 12 വര്‍ഷം കോണ്‍ഗ്രസ് നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ഓഫീസിലെയും ആര്യാടന് ഷൗക്കത്തിന്റെയും ബന്ധു ആര്യാടന് ആസാദിന്റെയും ഓഫീസുകളിലെ തൂപ്പുജോലിക്കാരിയായിരുന്നു രാധ. മൃതദേഹം കണ്ടെത്തിയ ഉടന്‍തന്നെ ആര്യാടന് മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം ബിജു, സുഹൃത്ത് ഷംസുദ്ദീന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജുവിന്റെ അവിഹിതബന്ധം അറിയാമായിരുന്ന രാധ അത് പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് രാധയെ പ്രതികള്‍ കൊലപ്പെടുത്തി എന്നായിരുന്നു അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍.
അതേ സമയം തന്റെ സഹോദരിയുടെ കൊലപാതക കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും കേസില്‍ ഒരാളുപോലും രക്ഷപ്പെടരുതെന്നും രാധയുടെ സഹോദരന് ഭാസ്കരന് പറഞ്ഞു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]