അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മലപ്പുറം മഞ്ചേരിയിലെ സ്ഥാപനം 50 ലക്ഷം രൂപ വായ്പ നല്‍കുമെന്ന് വാഗ്ദാനം. ഒരാള്‍ പിടിയില്‍

അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മലപ്പുറം മഞ്ചേരിയിലെ സ്ഥാപനം 50 ലക്ഷം രൂപ വായ്പ നല്‍കുമെന്ന് വാഗ്ദാനം. ഒരാള്‍ പിടിയില്‍

മലപ്പുറം: അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മലപ്പുറം മഞ്ചേരിയിലെ സ്ഥാപനം 50 ലക്ഷം രൂപ വായ്പ നല്‍കുമെന്ന് വാഗ്ദാനം. ഒന്നര ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ അടച്ച് നിരവധിപേര്‍ വഞ്ചിതരായ കേസില്‍ യുവാവ് അറസ്റ്റില്‍. 50 ലക്ഷം രൂപ വായ്പ നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നും പണം സ്വീകരിച്ചു തുക നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ച സംഭവത്തില്‍ സ്ഥാപനത്തിന്റെ മാനേജര്‍ കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങല്‍ സ്വദേശിയും ഇടിമുഴിക്കലില്‍ വാടകക്ക് താമസിച്ചിരുന്ന മുഹമ്മദ് റാഫിയെയാണ് (40) പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി രാജീവ് ഗാന്ധി ബൈപാസില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ട് മാര്‍ഗമാണ് പണം സ്വീകരിച്ചിരുന്നത്. ഇത് പിന്നീട് മുഹമ്മദ് റാഫി കൈപ്പറ്റി തമിഴ്‌നാട് സ്വദേശികളായ രണ്ട് പേര്‍ക്ക് കൈമാറിയതായാണ് വിവരം. ഇവരുടെ നിര്‍ദേശ പ്രകാരമാണ് മഞ്ചേരിയില്‍ സ്ഥാപനം തുടങ്ങിയതെന്നാണ് വിവരം. ഇവരെ അന്വേഷിച്ച് വരികയാണ്. അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ സ്ഥാപനം 50 ലക്ഷം രൂപ വായ്പ നല്‍കുമെന്നായിരുന്നു വാഗ്ദാനം. ദിവസം 3250 രൂപ വീതം തിരികെ അടച്ചാല്‍ മതി. ഇത് വിശ്വസിച്ച് പലരും ഒന്നര ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ അടച്ചു. പണം നല്‍കുമെന്ന് പറഞ്ഞ തിയ്യതി കഴിഞ്ഞതോടെ നിക്ഷേപകര്‍ സ്ഥാപനത്തിലെത്തി അന്വേഷിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. ഏകദേശം ഒരു കോടിയോളം രൂപ സംഘം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലും ഇവരുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. ഇത് പൂട്ടിയതോടെയാണ് മഞ്ചേരിയില്‍ ആരംഭിച്ചത്. കോയമ്പത്തൂരിലെ ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മഞ്ചേരിയിലെത്തിയിരുന്നു. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്താണ് ഇവരെ ജോലിക്കെടുത്തത്. അഞ്ച് ലക്ഷത്തിന്റെ സ്‌കീമിനു പുറമെ മറ്റ് സ്‌കീമുകളുമുണ്ട്. നഗരത്തിലെ ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യം കണ്ടാണ് പലരും സ്ഥാപനത്തെ സമീപിച്ചത്. 20 ഓളം ജീവനക്കാരും ഇവിടെ ജോലി ചെയ്തിരുന്നതായി പണം നല്‍കിയവര്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഓഫീസ് അടച്ചൂപൂട്ടി സീല്‍ ചെയ്തു.

Sharing is caring!