ഫുട്‌ബോളുകൊണ്ട് അത്ഭുതം സൃഷ്ടിച്ച് മലപ്പുറത്തുകാരന്‍ സിനാന്‍

ഫുട്‌ബോളുകൊണ്ട് അത്ഭുതം സൃഷ്ടിച്ച് മലപ്പുറത്തുകാരന്‍ സിനാന്‍

മലപ്പുറം: ഫുട്‌ബോളുകൊണ്ട് അത്ഭുതം സൃഷ്ടിക്കുകയാണ് മലപ്പുറത്തുകാരന്‍ സിനാന്‍. മലപ്പുറം മഞ്ചേരി സ്വദേശി വലിയകത്ത് മുഹമ്മദ് സിനാനാണ് ഫുട്‌ബോള്‍ കൊണ്ടുള്ള ഫ്രീസ്‌റ്റൈല്‍ പ്രകടനം കൊണ്ടു അത്ഭുതപ്പെടുത്തുന്നത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളെ വെല്ലുന്ന രീതിയിലാണ് കൊച്ചുമിടുക്കന്റെ പ്രകടനം. നെറ്റിയില്‍ പന്ത് വെച്ചു അതിനുമുകളില്‍ ബൂട്ടും വെച്ചു ഇവ രണ്ടു താഴെവീഴാതെ എത്രസമയം വേണമെങ്കിലും സിനാന് ബാലന്‍സ് ചെയ്യാന്‍ കഴിയും. കുനിഞ്ഞുനിന്ന് പുറംഭാഗത്ത് പന്ത് നിര്‍ത്തി താന്‍ ധരിച്ചിരിക്കുന്ന ജെഴ്‌സി ടീഷര്‍ട്ട് ഊരാനും സിനാന് സാധിക്കും. പന്ത് താഴെ വീഴാതെ ജെഴ്‌സി തിരിച്ചിടുകയും ചെയ്യും. കാല്‍ കൊണ്ട് എത്ര ജഗിള്‍ വേണമെന്ന് പറഞ്ഞാല്‍ മതി. കൈവിരല്‍കൊണ്ട് ഫുട്‌ബോള്‍ കറക്കാനും സിനാന്‍ റെഡിയാണ്.
സമൂഹമാധ്യമങ്ങളില്‍ കണ്ട വീഡിയോയാണ് ഇത്തരം അഭ്യാസപ്രകടനങ്ങള്‍ ചെയ്തുതുടങ്ങാന്‍ പ്രചോദനമായതെന്ന് മുഹമ്മദ് സിനാന്‍ പറയുന്നു. സിനാന്റെ ഫ്രീസ്‌റ്റൈല്‍ അഭ്യാസങ്ങള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നിലവില്‍ ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളിലാണ് സിനാല്‍ കൂടുതല്‍ സമയം ചിലവ് ഇടുന്നത്. വലിയ ശ്രദ്ധ ലഭിക്കുമെന്നു കരുതിയിരുന്നില്ലെന്നും മികച്ച പ്രതികരണമാണ് എല്ലാവരില്‍ നിന്നും ലഭിക്കുന്നതെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും മുഹമ്മദ് സിനാന്‍ പറഞ്ഞു.
വലിയ ഒരു ഫുട്‌ബോള്‍ കളിക്കാരനാകണമെന്നാണ് മലപ്പുറത്തെ എല്ലാവരെയും പോലെ മുഹമ്മദ് സിനാന്റെയും സ്വപ്നം. പിതാവ് അബ്ദുള്ള പ്രവാസിയാണ്. സഹോദരങ്ങളായ ഷിഹാന്‍, ഷിഫ്‌ന മാതാവ് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും സിനാന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പമുണ്ട്.

Sharing is caring!