പി കെ കൃഷ്ണദാസ് വീണ്ടും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി

പി കെ കൃഷ്ണദാസ് വീണ്ടും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി

മഞ്ചേരി: സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പി കെ കൃഷ്ണദാസിനെ വീണ്ടും തെരഞ്ഞെടുത്തു. മഞ്ചേരിയില്‍ നടന്ന ജില്ലാസമ്മേളനമാണ് രാണ്ടാംതവണയും കൃഷ്ണദാസിനെ മലപ്പുറം ജില്ലയിലെ പാര്‍ട്ടിയെ നയിക്കാന്‍ അവസരം നല്‍കിയത്. കഴിഞ്ഞ മൂന്നരവര്‍ഷക്കാലയളവിനുള്ളില്‍ മലപ്പുറത്ത് സിപിഐയുടെ കരുത്ത് മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കൃഷ്ണദാസ് പാര്‍ട്ടിക്കുള്ളില്‍ എല്ലാവിഭാഗത്തെയും ചേര്‍ത്തി പിടിക്കുന്നതില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുവേണ്ടി കര്‍മ്മനിരതനായിരുന്ന കൃഷ്ണദാസ് എകെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പെരുമ്പടപ്പ് അയിരൂര്‍ എയുപി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍, പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപികയായ കെ സുനിതയാണ് ഭാര്യ. മക്കള്‍: ശ്രീലക്ഷ്മി അജിത്ത്, മാധവദാസ്. മഞ്ചേരി ടി കെ സുന്ദരന്‍ മാസ്റ്റര്‍ നഗര്‍, ആളൂര്‍ പ്രഭാകരന്‍ നഗറില്‍ എന്നിവിടങ്ങളിലായാണ് മൂന്നു ദിവസത്തെ ജില്ലാസമ്മേളനം സംഘടിപ്പിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മയില്‍, അഡ്വ. പ്രകാശ്ബാബു, സത്യന്‍ മൊകേരി, സി എന്‍ ജയദേവന്‍, അഡ്വ. കെ രാജന്‍, ചിഞ്ചുറാണി, വി ചാമുണ്ണി, പി പി സുനീര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കുടുത്തു. നാല്‍പ്പത്തിയഞ്ച് അംഗ ജില്ലാകൗണ്‍സില്‍ അംഗങ്ങളേയും നാല് കാന്റിഡേറ്റ് അംഗങ്ങളേയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു. 17 സംസ്ഥാനസമ്മേളന പ്രതിനിധികളേയും ഇന്നലെ വൈകീട്ട് സമാപിച്ച സമ്മേളനം തെരഞ്ഞെടുത്തു.

 

Sharing is caring!