മലപ്പുറത്ത് അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കെ രണ്ടുവയസ്സുകാരന്റെ തളളവിരല് ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങി

മലപ്പുറം : അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കൈവിരല്‍ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് രക്ഷകരായി മലപ്പുറം അഗ്നിരക്ഷാ സേന. ബുധനാഴ്ച രാവിലെ പത്തര മണിയോടെയാണ് സംഭവം. വള്ളുവമ്പ്രം അത്താണിക്കല്‍ നെച്ചിയില്‍ വീട്ടില്‍ അബ്ബാസലി – വഹീദ ദമ്പതികളുടെ രണ്ടു വയസ്സ് പ്രായമുള്ള ശയാന് മാലിക്കിന്റെ ഇടത് കയ്യിലെ തള്ളവിരലിലാണ് ഇഡ്ഡലി തട്ട് കുടുങ്ങിയത്. കുട്ടിയുടെ കരച്ചില് കേട്ട് നോക്കിയ രക്ഷിതാക്കളാണ് ഇഡ്ഡലി തട്ട് കുടുങ്ങിയ വിവരമറിയുന്നത്. വീട്ടുകാര്‍ ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അസഹ്യമായ വേദനമൂലം കുട്ടിയുടെ കരച്ചില് കാരണം തട്ട് വേര്പ്പെടുത്താനാവാത്തതിനാല് മലപ്പുറം ഫയര്‍ സ്റ്റേഷനിലേക്ക് കുട്ടിയെയുമായി എത്തുകയായിരുന്നു. തുടര്‍ന്ന് സേനാംഗങ്ങള്‍ മിനി ഷിയേഴ്സ്, ഇലക്ട്രിക് കട്ടര്‍ എന്നിവ ഉപയോഗിച്ച് അല്പാല്പ്പമായി ഇഡ്ഡലി തട്ട് മുറിച്ചെടുത്തു. ഇടയ്ക്കിടെ വേദന കൊണ്ട് കരയുന്ന കുഞ്ഞിനെ സാന്ത്വനിപ്പിച്ച് പാത്രം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുകയായിരുന്നു. അര മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് കുഞ്ഞിന് യാതൊരു പരിക്കുമില്ലാതെ പാത്രം പൂര്‍ണമായും മുറിച്ചു മാറ്റി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. അസി. സ്റ്റേഷന് ഓഫീസര്‍ യു. ഇസ്മായില്‍ ഖാന്, സേനാംഗങ്ങളായ കെ. സിയാദ്, വി. പി.നിഷാദ്, കെ. ഷഫീക്, ടി. ജാബിര്‍, കെ. സി. മുഹമ്മദ് ഫാരിസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]