ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ് ജില്ലയില്‍ 420 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ് ജില്ലയില്‍ 420 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഓണക്കാലത്ത് വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കുന്നു. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ ജില്ലയില്‍ 420 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരി കടത്തുമായി ബന്ധപ്പെട്ട് 113 അബ്കാരി കേസുകളും 38 എന്‍.ഡി.പി.എസ്. കേസുകളും 269 കോട്പ കേസുകളും ഉള്‍പ്പടെയുള്ള 420 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവും എം.ഡി.എം.എ.യും അടക്കം വന്‍ ലഹരി വേട്ടയാണ് എക്‌സൈസിന്റെ ഓണം സ്‌പെഷ്യല്‍ പരിശോധനയില്‍ നടക്കുന്നത്. ട്രെയിന്‍ മാര്‍ഗവും അതിര്‍ത്തികളിലൂടെയുമാണ് പ്രധാനമായും ജില്ലയിലേക്ക് ലഹരി കടത്താന്‍ ശ്രമിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ജില്ലയില്‍ ആരംഭിച്ചത്. 475.75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 141.98 കിലോഗ്രാം കഞ്ചാവ്, 13.58 കിലോഗ്രാം പുകയില ഉല്‍പന്നങ്ങള്‍, 1166 ലിറ്റര്‍ വാഷ്, 8.5 ലിറ്റര്‍ ചാരായം, അഞ്ച് കഞ്ചാവ് ചെടികള്‍, 77.730 ഗ്രാം എം.ഡി.എം.എ., 20560 രൂപ തൊണ്ടിപ്പണം, 13 മൊബൈല്‍ ഫോണുകള്‍, 10 വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഓണക്കാലത്ത് വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിര്‍മാണം, വില്‍പ്പന, മയക്കുമരുന്ന് കടത്ത് എന്നിവ തടയാനായി എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധന സെപ്തംബര്‍ 12 വരെ തുടരും. ജില്ലയിലെയും തമിഴ്‌നാട്ടിലെയും വനം ഉദ്യോഗസ്ഥര്‍, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന.

പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം
ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധനയുടെ ഭാഗമായി മലപ്പുറം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ലഹരി കുറ്റകൃത്യങ്ങളെക്കുറിച്ച് കണ്‍ട്രോള്‍ റൂം നമ്പറായ 0483-2734886ല്‍ വിളിച്ച് അറിയിക്കാം. മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസ് (0483-2735431), എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ് (9400069648) എന്നീ നമ്പറുകളിലും പരാതികള്‍ അറിയിക്കാം.
ഓണം: വിപണിയില്‍ ക്രമക്കേടുകള്‍
കണ്ടെത്തിയാല്‍ നടപടി
ഓണത്തോടനുബന്ധിച്ച് വിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കും. അളവ്തൂക്ക സംബന്ധമായ പരാതികള്‍ അറിയിക്കുന്നതിനായി  മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. അളവില്‍ കുറവ്, മുദ്ര പതിപ്പിക്കാത്തതും കൃത്യതയില്ലാത്തതുമായ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്കേജുകളില്‍ നിര്‍മാതാവിന്റെ/ ഇറക്കുമതി ചെയ്ത സ്ഥാപനത്തിന്റെ മേല്‍വിലാസം, എം.ആര്‍.പി, ഉല്‍പന്നത്തിന്റെ തൂക്കം, ഉല്‍പന്നത്തിന്റെ പേര്, കണ്‍സ്യൂമര്‍ കെയര്‍ ടെലഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം മുതലായവ രേഖപ്പെടുത്താതിരിക്കുക, എം.ആര്‍.പിയേക്കാള്‍ അമിത വില ഈടാക്കുക മുതലായ ക്രമക്കേടുകള്‍ കണ്ടാല്‍ ഉപഭോക്താവിന് പരാതിപ്പെടാം.
പരാതി അറിയിക്കാനുള്ള നമ്പറുകള്‍: കണ്‍ട്രോള്‍ റൂം  – 0483 2766157, ഡെപ്യൂട്ടി കണ്‍ട്രോളര്‍  – 8281698093, ഡെപ്യൂട്ടി കണ്‍ട്രോളര്‍( എഫ്.എസ്) – 8281698103, അസിസ്റ്റന്റ് കണ്‍ട്രോളര്‍ – 8281698094, മഞ്ചേരി ഇന്‍സ്പെക്ടര്‍ സര്‍ക്കിള്‍ രണ്ട് –  8281698095, ഇന്‍സ്പെക്ടര്‍ തിരൂര്‍ സര്‍ക്കിള്‍  ഒന്ന് – 8281698096, ഇന്‍സ്പെക്ടര്‍ തിരൂര്‍ സര്‍ക്കിള്‍ 2 – 8281698097, ഇന്‍സ്പെക്ടര്‍ തിരൂരങ്ങാടി – 8281698098, ഇന്‍സ്പെക്ടര്‍ പൊന്നാനി – 8281698099, ഇന്‍സ്പെക്ടര്‍ നിലമ്പൂര്‍ -8281698101, ഇന്‍സ്പെക്ടര്‍ പെരിന്തല്‍മണ്ണ -8281698102, ഇന്‍സ്പെക്ടര്‍ കൊണ്ടോട്ടി -9400064089, ഇന്‍സ്പെക്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് -9188525708.
പൊതു വിപണിയിലെ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തടയുന്നതിനായി പരിശോധന ശക്തമാക്കും
ഓണക്കാലത്തോടനുബന്ധിച്ച് പൊതു വിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ മലപ്പുറം നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍   പരിശോധന നടത്തി.  പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പഴവര്‍ഗ കടകള്‍ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. നാല് റേഷന്‍ കടകളും പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയ രണ്ട് കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കി. അമിത വില ഈടാക്കുന്നതിനെതിരെയും നിര്‍ദേശം നല്‍കി. ആലത്തൂര്‍പടിയിലെ ഓണക്കിറ്റ് പാക്കിങ് സെന്റര്‍ പരിശോധിച്ച് പാക്കിങ് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി. വരും ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സക്വാഡ് പരിശോധന തുടരും. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ വിനോദ് കുമാര്‍, റേഷനിങ് ഇന്‍സ്‌പെകടര്‍മാരായ പ്രദീപ്, സുനില്‍ ദത്ത്, അബ്ദു നാസര്‍ എന്നിവരും പങ്കെടുത്തു.

Sharing is caring!