ബിയ്യം കായല്‍ വള്ളംകളി മത്സരത്തിനുള്ള സാധ്യത ഈ വര്‍ഷവും വിരളം.

ബിയ്യം കായല്‍ വള്ളംകളി മത്സരത്തിനുള്ള സാധ്യത ഈ വര്‍ഷവും വിരളം.

മലപ്പുറം: മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരം ഈ വര്‍ഷവും ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടക്കാനുള്ള സാധ്യത മങ്ങുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വള്ളം കളി മത്സരം ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴില്‍ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു വള്ളംകളി ടീമുകള്‍. എന്നാല്‍ ജില്ലാ തലത്തില്‍ നിന്ന് ഓണം ടൂറിസം വാരാഘോഷ പരിപാടികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും, താലൂക്ക് ഓഫീസില്‍ ഇതുവരെ ലഭിച്ചിട്ടില്ല. നേരത്തെ ഒരു മാസം മുമ്പ് തന്നെ അറിയിപ്പ് ലഭിക്കുകയും
സംയുക്ത യോഗം വിളിച്ചു ചേര്‍ത്ത് സംഘാടക സമിതി മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും നടത്തും.എന്നാല്‍ ഒരാഴ്ച മാത്രം ശേഷിക്കെ ടൂറിസം വാരാഘോഷ പരിപാടികളെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ഫണ്ട് വള്ളം കളിക്ക് ലഭ്യമാവില്ല.
കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി വള്ളംകളി മത്സരം അരങ്ങേറിയിരുന്നില്ല. ജില്ലാ ടൂറിസം വകുപ്പ് ഓണത്തോടനുബന്ധിച്ച് നടത്തുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് ബിയ്യം കായല്‍ ജലോത്സവം. എന്നാല്‍ ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള വള്ളം കളി നടന്നില്ലെങ്കിലും, സ്വകാര്യമായി വള്ളം കളി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വള്ളംകളി പ്രേമികള്‍.
കായലോളങ്ങളെ തുഴഞ്ഞ് മാറ്റി കായല്‍ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് ഇപ്പോള്‍ വള്ളം കളി ടീമുകള്‍. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന വള്ളംകളി ഇത്തവണ സ്വകാര്യപങ്കാളിത്തത്തോടെയാകും നടക്കുക. പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂര്‍, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റര്‍ എന്നിവടങ്ങളില്‍ നിന്നായി പത്ത് മേജര്‍ വള്ളങ്ങളും പതിമൂന്ന് മൈനര്‍ വള്ളങ്ങുമാണ് ഇത്തവണ മത്സരിക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 25000 രൂപയും, രണ്ടാം സ്ഥാനത്തിന് 15000, മൂന്നാം സ്ഥാനം 10000 രൂപയുമാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ ഈ ഫണ്ടും ലഭിക്കില്ല. മത്സരത്തിന് മുന്നോടിയായി തുഴച്ചില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഒട്ടേറെ യുവാക്കളാണ് ഇവിടെ പരിശീലനം നടത്തുന്നത്. രാവിലെ ആറു മണി മുതല്‍ എട്ട് വരെയും, വൈകീട്ട് അഞ്ചു മണിക്ക് ശേഷവുമാണ് പരിശീലനം നടക്കുന്നത് .ഇത്തവണ ഇരുപത്തിമൂന്ന് വള്ളങ്ങളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

 

Sharing is caring!