മലപ്പുറം വള്ളുവമ്പ്രത്ത് കിണറിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് നിര്‍മാണ തൊഴിലാളി മരിച്ചു

മലപ്പുറം: മലപ്പുറം വള്ളുവമ്പ്രത്ത് കിണറിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ്നിര്മാണത്തൊഴിലാളി മരിച്ചു. വള്ളുവമ്പ്രം മുസ്ലിയാര് പീടിക പാങ്ങോട്ടില്‍ ആനക്കണ്ടില്‍ വീട്ടില്‍ പരമേശ്വരന് (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് അപകടം സംഭവിച്ചത്. മഠത്തില്‍ അഹമ്മദ് എന്ന വ്യക്തിയുടെ വീട്ടുമുറ്റത്ത് പുതുതായി നിര്‍മിച്ച കിണറിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
മണ്ണ് എടുക്കുന്നതിനിടയില്‍ ഒരു ഭാഗത്തെ മണ്ണിടിഞ്ഞ് 30 അടി താഴ്ചയും 20 അടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് വീണു. ഇതിലേക്ക് പരമേശ്വരനും വീണു. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരമേശ്വരന് വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മലപ്പുറം, മഞ്ചേരി അഗ്നിരക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി ഉടന്‍ തന്നെ പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
നാട്ടുകാരും അഗ്നിരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അതിവേഗം തന്നെ മണ്ണ് മാറ്റി പരമേശ്വരനെ പുറത്തെത്തിച്ച്
സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരമേശ്വരന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മലപ്പുറം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂര്‍, മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
RECENT NEWS

പൊന്നാനി സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു
ഷാർജ: യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് ഷാർജയിൽ മരിച്ചത്. 41 വയസ്സായിരുന്നു. സുലൈഖയാണ് ഭാര്യ. മക്കൾ സയാൻ, സൈബ, സൈഫ, സമാൻ. റാസിഖ്, നസീറ എന്നിവരാണ് സഹോദരങ്ങൾ. നടപടികൾ [...]