ഉത്തരക്കടലാസില്‍ ബാര്‍കോഡിങ് ഏര്‍പ്പെടുത്താന്‍ കാലിക്കറ്റ് ഫലപ്രഖ്യാപനം വേഗത്തിലാകും

ഉത്തരക്കടലാസില്‍ ബാര്‍കോഡിങ് ഏര്‍പ്പെടുത്താന്‍ കാലിക്കറ്റ് ഫലപ്രഖ്യാപനം വേഗത്തിലാകും

ഉത്തരക്കടലാസുകളില്‍ ബാര്‍കോഡിങ് ഏര്‍പ്പെടുത്തി മൂല്യനിര്‍ണയ ജോലികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങി കാലിക്കറ്റ് സര്‍വകലാശാല. ആദ്യഘട്ടത്തില്‍ അടുത്ത മാസം നടക്കുന്ന ബി.എഡ്. രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കുള്ള ഉത്തരക്കടലാസിലാണ് ബാര്‍കോഡ് നടപ്പാക്കുക. ഇതോടെ ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെത്തിച്ച് ഫാള്‍സ് നമ്പറിടേണ്ട ജോലി ഒഴിവാകും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍ വകുപ്പ് മുഖേനയാകും ഉത്തരക്കടലാസുകള്‍ കൊണ്ടുപോവുക. മൂല്യനിര്‍ണയ ക്യാമ്പില്‍ മേല്‍നോട്ടത്തിന് പരീക്ഷാഭവന്‍ ഉദ്യോഗസ്ഥരുണ്ടാകും. ഒരോ ഉത്തരക്കടലാസിന്റെയും ബന്ധപ്പെട്ട ബാര്‍കോഡ് പരീക്ഷാ കേന്ദ്രത്തില്‍ നിന്നു തന്നെ സര്‍വകലാശാലാ സോഫ്റ്റ് വെയറിലേക്ക് കൈമാറും. പരീക്ഷ കഴിയുന്നതിന് മുമ്പ് തന്നെ ആകെ എത്ര പേര്‍ പരീക്ഷയെഴുതി, ഹാജരാകാത്തവര്‍ ആരെല്ലാം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും. മൂല്യനിര്‍ണയ കേന്ദ്രത്തില്‍ നിന്ന് മാര്‍ക്ക് കൂടി സോഫ്റ്റ് വെയറിലേക്ക് നല്‍കുന്നതോടെ ഫലപ്രഖ്യാപനം വേഗത്തിലാകും. പുനര്‍മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെത്തിച്ച് സൂക്ഷിക്കുകയും ചെയ്യും. നേരത്തേ ചോദ്യക്കടലാസുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് വിജയകരമായി തുടങ്ങിയത് ബി.എഡ്. പരീക്ഷക്കായിരുന്നു. സര്‍വകലാശാലക്ക് കീഴില്‍ 72 ബി.എഡ്. കോളേജുകളാണുള്ളത്. പുതിയ പരീക്ഷാരീതി പരിചയപ്പെടുത്തുന്നതിനായി ബി.എഡ്. കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കുമായി പരിശീലനപരിപാടി സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റിന്റെ പരീക്ഷാസ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഒ. മുഹമ്മദലി, പ്രോഗ്രാമര്‍ രഞ്ജിമരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!