മലപ്പുറത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു

മലപ്പുറത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു

മലപ്പുറം: കുറ്റിപ്പുറം തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്രവാസി മരിച്ചു. പുത്തനത്താണി കരിങ്കപ്പാറ സ്വദേശി അബ്ദുല്‍ ഖാദര്‍ (49) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ കടയുടെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമിത വേഗതയില്‍ ദിശതെറ്റി വരുന്ന കാറിന്റെയും സ്‌കൂട്ടര്‍ യാത്രക്കാര്‍ തെറിച്ചുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന അബ്ദുല്‍ ഖാദറും ഭാര്യ റുഖിയയും തെറിച്ചു വീണത് പത്തടിയോളം ഉയരത്തിലാണ്. തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുല്‍ഖാദറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുള്‍ ഖാദറിന്റെ ഭാര്യ റുഖിയ ഇപ്പോള്‍ ഗുരുതര പരുക്കളോട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും ബന്ധുവിനെ കണ്ടു മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. യുഎഇയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ ദിവസങ്ങള്‍ മുമ്പാണ് നാട്ടിലെത്തിയത്. അബ്ദുല്‍ ഖാദറിനെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരിങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് ഖബറടക്കും.

 

Sharing is caring!