പെരിന്തല്‍മണ്ണയില്‍ പത്തു കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ പത്തു കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വീണ്ടും മയക്കുമരുന്നുവേട്ട. പത്തു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. കണ്ണൂര്‍ വയ്യാട്ടുപറമ്പ് സ്വദേശി മഠത്തില്‍ അനന്തുബാബു (20), താനൂര്‍ നമ്പീശന്‍ റോഡ് സ്വദേശി അഹമ്മദ് (22) എന്നിവരെയാണ് പത്തു കിലോഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ്‌കുമാര്‍, സിഐ സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ പി.എം.ഷൈലേഷും സംഘവും നടത്തിയ പരിശോധനക്കിടെ
പിടികൂടിയത്. ആന്ധ്രയില്‍ നിന്നു വന്‍തോതില്‍ കഞ്ചാവ് തീവണ്ടി മാര്‍ഗം കേരളത്തിലെത്തിച്ചു വില്‍പ്പന നടത്തുന്ന
സംഘത്തെക്കുറിച്ച് മലപ്പുറം പോലീസ് മേധാവി എസ്.സുജിത്ത്ദാസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ആന്ധ്രയില്‍ വിശാഖപട്ടണം, പാടേരു എന്നിവിടങ്ങളില്‍ നിന്നു കഞ്ചാവ് ട്രോളിബാഗുകളിലും മറ്റും ഒളിപ്പിച്ച് തീവണ്ടിമാര്‍ഗം ആവശ്യക്കാര്‍ക്കു എത്തിച്ചു കൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലയിലെ ചിലര്‍ ഇതിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതായും പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തു വച്ചാണ് രണ്ടുപേരും പിടിയിലായത്. ആന്ധ്രയില്‍ നിന്നു കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായവരെന്നും തീവണ്ടിമാര്‍ഗം കേരളത്തിലെത്തി തുടര്‍ന്നു
ബസ് മാര്‍ഗം പെരിന്തല്‍മണ്ണയിലെത്തിയതാണെന്നും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഡിവൈഎസ്പി എം.സന്തോഷ്‌കുമാര്‍, സിഐ സി.അലവി എന്നിവര്‍ അറിയിച്ചു. എഎസ്‌ഐ ബൈജു, സിപിഒമാരായ മിഥുന്‍, സജീര്‍, ഷാലു, കൈലാസ്, ദിനേഷ്, ഡബ്ലിയുഎസ്‌സിപിഒ ജയമണി, ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള അന്വേഷണ സംഘത്തിലെ സി.പി സന്തോഷ്‌കുമാര്‍, സക്കീര്‍ കുരിക്കള്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Sharing is caring!