മലപ്പുറം വഴിക്കടവില്‍ ദേശീയ പതാകകള്‍ കത്തിച്ചു. പ്രതി അറസ്റ്റില്‍

മലപ്പുറം വഴിക്കടവില്‍ ദേശീയ പതാകകള്‍ കത്തിച്ചു. പ്രതി അറസ്റ്റില്‍

മലപ്പുറം: ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി നാടൊട്ടുക്കും വീടുകളിലും സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക പ്രദര്‍ശിപ്പിച്ച് സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിനിടയില്‍ മലപ്പുറം വഴിക്കടവില്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ ദേശീയ പതാകകള്‍ കത്തിച്ചു. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശം പബ്ലിക്ക് റോഡരികില്‍ വെച്ച് ദേശീയപതാകയെ അവമതിക്കുന്ന വിധത്തില്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് പ്ലാസ്റ്റിക് നിര്‍മ്മിതമായ ദേശീയ പതാകകള്‍ കത്തിച്ച പ്രതിക്കെതിരെ വഴിക്കടവ് പോലീസ് കേസെടുത്തത്. വഴിക്കടവ് പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രനെ(64)യാണ് വഴിക്കടവ് സി.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് പ്രതി. ദി പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഹോണര്‍ ആക്റ്റ് 1971 എസ് (2), ഐപിസി 269, 278, കെപി ആക്റ്റ് 120 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ്്വപ്രതിക്കെതിരെ പോലീസ് കേസെടുത്തത്. വഴിക്കടവ് എസ്.ഐ കെ.ജി. ജോസ്, എസ്.സി.പി.ഒ കെ.കെ സുനില്‍, സി.പി.ഒ അലക്സ് വര്‍ഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’യ്ക്ക് മലപ്പുറം ജില്ലയില്‍ വര്‍ണാഭമായ തുടക്കമാണ് കുറിച്ചിരുന്നത്. ജില്ലയില്‍ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തി ക്യാമ്പയിനിന്റെ ഭാഗമായി. ഇതിനായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. കുടുംബശ്രീ വഴിയാണ് പതാക നിര്‍മിച്ചത്. കുടുംബശ്രീ വഴി നിര്‍മിച്ച 97ശതമാനം പതാകകളുടെ വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. ആവശ്യപ്പെട്ട എണ്ണം അനുസരിച്ച് എ.ഡി.എസ്, സി.ഡി.എസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നു.
ദേശീയ പതാകയോടുള്ള വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയപതാകയെ ആദരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 15 വരെയാണ് പതാക ഉയര്‍ത്തേണ്ടത്. ദേശീയ പതാകയുടെ അന്തസ് നിലനിര്‍ത്തുംവിധം ഫ്‌ളാഗ് കോഡ് പാലിച്ചുകൊണ്ടായിരിക്കണം ദേശീയ പതാക ഉയര്‍ത്തേണ്ടത്. ഇതിനായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

 

 

Sharing is caring!